പൗരത്വ ഭേദഗതി ബിൽ; നടൻ രവി ശർമ ബിജെപി വിട്ടു

ലോക്‌സഭയിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് അസമിലെ പ്രമുഖ നടനും ഗായകനുമായ രവി ശർമ ബിജെപി വിട്ടു. ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ താൻ പങ്കാളിയാകുമെന്നും രവി ശർമ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിഷേധക്കാർക്കും വിദ്യാർത്ഥികൾക്കുമൊപ്പം താൻ തെരുവിലിറങ്ങുമെന്നും രാഷ്ട്രീയ നേട്ടം ഉന്നംവച്ച് ബിജെപിയിൽ നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ തന്റെ അവസ്ഥയിലേക്ക് എത്തിച്ചത് അസമിലെ ജനങ്ങളാണ്. താനൊരിക്കലും ഈ ബില്ലിനെ പിന്തുണയ്ക്കില്ല. കുടിയേറ്റക്കാരുടെ പ്രതിസന്ധികൾ താൻ ഇതിനോടകം കണ്ടുകഴിഞ്ഞതാണ്. അവരെ ഇനിയും ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ല. ബില്ല് റദ്ദാക്കാൻ താൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്. അസം ജനതയ്ക്കൊപ്പമുള്ള തന്റെ പ്രതിഷേധം തുടരുമെന്നും രവി ശർമ പറഞ്ഞു.
ലോക്‌സഭയിൽ ഇന്നലെ അർധരാത്രിയോടെയാണ് പൗരത്വ ബിൽ പാസാക്കിയത്. എഴ് മണിക്കൂർ നീണ്ട ചർച്ചയ്ക്കും ചർച്ച ഉപസംഹരിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ മറുപടിക്കും തുടർച്ചയായാണ് ബില്ലിന്മേൽ വോട്ടെടുപ്പ് നടന്നത്. ബില്ലിനെ 80 അംഗങ്ങൾ എതിർത്തപ്പോൾ 311 അംഗങ്ങൾ അനുകൂലിച്ചു. ഇതിന് പിന്നാലെ അസമിൽ വ്യാപക പ്രതിഷേധം അരങ്ങേറി. അസമിൽ മിക്കയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അസമിന്റെ കിഴക്കൻ പ്രദേശങ്ങളിൽ പ്രതിഷേധക്കാർ റെയിൽ ഗതാഗതം തടസപ്പെടുത്തി. ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയെങ്കിലും മണിപ്പൂരിൽ നിന്നും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അസം, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ സർക്കാർ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
story highlights- ravi sharma, citizenship amendment bill, bjp, assam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here