ഉള്ളിവില വര്‍ധനവ്; ഉള്ളിയില്ലാത്ത ബിരിയാണി ഉണ്ടാക്കി തൊഴിലാളികള്‍

രാജ്യത്ത് ഉള്ളിവില കുതിക്കുകയാണ്. ഇതോടെ ഹോട്ടലുകളിലും വീടുകളിലുമെല്ലാം ഉള്ളിവില പ്രതിഫലിച്ച് തുടങ്ങി. മിക്ക വിഭവങ്ങളിലും ഉള്ളിയുടെ അളവ് കുറച്ചും, ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വില കൂട്ടിയുമാണ് ഉള്ളി വിലയെ നേരിടുന്നത്. വിലവര്‍ധനവിനെതിരെ പ്രതിഷേധങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്. ഉള്ളിവില വര്‍ധനവില്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ് കണ്ണൂരിലെ പാചകത്തൊഴിലാളികള്‍.
ഉള്ളിയില്ലാതെ ബിരിയാണിയുണ്ടാക്കി നല്‍കിയാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഉള്ളിയില്ലാതെ ബിരിയാണിയെ പറ്റി ഭക്ഷണപ്രിയര്‍ക്ക് ചിന്തിക്കാന്‍ പോലും വയ്യ. ഒരു കിലോ ഉള്ളിക്ക് ഒരു പ്ലേറ്റ് ബിരിയാണിയേക്കാള്‍ വിലയായാല്‍ ഇതല്ലാതെ വേറെ വഴിയില്ലെന്ന് പാചകതൊഴിലാളികള്‍.
പ്രതിഷേധത്തിന്റെ ഭാഗമായുണ്ടാക്കിയ ബിരിയാണിയില്‍ ഇഞ്ചിയും കാരറ്റും തക്കാളിയുമെല്ലാമുണ്ട്. എന്നാല്‍ ഉള്ളി മാത്രമില്ല.
ഉള്ളി വില കുത്തനെ കുതിക്കുമ്പോള്‍ ഉള്ളിയെ ഒഴിവാക്കുകയല്ലാതെ മറ്റ് പ്രതിവിധികളില്ലെന്ന് പാചകത്തൊഴിലാളികള്‍ പറഞ്ഞു.
അരി അടക്കമുള്ള മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില ഉയരുകയാണ്. സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് ഇവരുടെ പരാതി.
കണ്ണൂര്‍ കാള്‍ടെക്‌സിലാണ് ഉള്ളിയില്ലാതെ ബിരിയാണിയുണ്ടാക്കി നല്‍കി പാചക തൊഴിലാളികള്‍ പ്രതിഷേധിച്ചത്. കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയനാണ് പ്രതിഷേധ ബിരിയാണിയുണ്ടാക്കിയത്.
Story Highlights- onion prices, protest, briyani without onion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here