Advertisement

എന്താണ് രാജ്യം ചർച്ച ചെയ്യുന്ന പൗരത്വ ഭേദഗതി ബിൽ ? [24 Explainer]

December 11, 2019
1 minute Read

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യം ചർച്ച ചെയ്യുകയാണ് പൗരത്വ ഭേദഗതി ബിൽ. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ലോക്‌സഭയിൽ പാസായ ബിൽ ഇന്ന് രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ അടിസ്ഥാന ശിലയ്‌ക്കേറ്റ ആഘാതമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന്മേൽ പടുത്തുയർത്തിയ, മതേതരത്വം ജീവശ്വാസമായ ഇന്ത്യാ മഹാരാജ്യത്തിൽ ഒരു മതവിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്ന ഈ ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. എന്നാൽ എന്താണ് പൗരത്വ ഭേദഗതി ബിൽ ? അറിയാം…

എന്താണ് സിഎബി (സിറ്റിസൺഷിപ്പ് അമെൻഡ്‌മെന്റ് ബിൽ) അഥവാ പൗരത്വ ഭേദഗതി ബിൽ ?

1955 ലെ പൗരത്വ ബില്ലിലാണ് നിലവിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവരുന്നത്. ഇന്ത്യയിൽ മതിയായ രേഖകളില്ലാതെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് ബില്ല്. മുമ്പ് കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്ക് മാത്രമാണ് പൗരത്വം നൽകിയിരുന്നത്. എന്നാൽ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറ് വർഷമായി ചുരുക്കും.

ബിൽ മുസ്ലിംഗൾ, അമുസ്ലീംഗൾ എന്ന രീതിയിൽ രാജ്യത്തെ വിഭജിക്കുകയാണെന്ന് ഡൽഹി അഭിഭാഷകൻ ഗൗതം ഭാട്ടിയ പറയുന്നു. കാരണം മുസ്ലീംഗൾ ഒഴിച്ചുള്ള മതവിഭാഗങ്ങളിൽ പെട്ട അനധികൃത കുടിയേറ്റക്കാർക്ക് മതിയായ രേഖകൾ ഉണ്ടെങ്കിൽ പൗരത്വം നൽകുന്നതാണ് ബിൽ.

Read Also : പൗരത്വ ബിൽ രാജ്യസഭയിൽ; രാജ്യത്തിനേറ്റ മുറിവെന്ന് പ്രതിപക്ഷം; പീഡിപ്പിക്കപ്പെട്ട മതന്യൂനപക്ഷങ്ങൾക്കുള്ള അഭയമെന്ന് ബിജെപി

1955ലെ പൗരത്വ ആക്ട് പ്രകാരം ഇന്ത്യയിൽ ജനിച്ച വ്യക്തിക്കോ മാതാപിതാക്കൾ ഇന്ത്യൻ സ്വദേശികളായവർക്കോ, ഒരു നിശ്ചിത കാലയളവിൽ കൂടുതൽ കാലം ഇന്ത്യയിൽ ജീവിച്ച് വളർന്ന വ്യക്തിക്കോ ആണ് ഇന്ത്യൻ പൗരത്വം ലഭിക്കുക. ആക്ട് പ്രകാരം അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരനാകാൻ കഴിയില്ല. ഇതാണ് നിലവിൽ ഭേദഗതി ചെയ്യുന്നത്.

ആർക്കൊക്കെ ഭേദഗതി ബാധകമാകും ?

മതത്തിന്റെ പേരിൽ സ്വന്തം രാജ്യവിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് ബില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളിൽ നിന്ന് ഇത്തരക്കാരെ രക്ഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ വന്നവർക്കാണ് ഈ ആനുകൂല്യം.

കേന്ദ്രസർക്കാർ പറയുന്നതെന്ത് ?

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് തണലാണ് ഈ ബിൽ എന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ബിൽ ദേശതാത്പര്യത്തെ മാനിക്കുന്നതാണെന്നും ബിൽ ചരിത്ര പരമാണെന്നും അമിത് ഷാ ഇന്ന് രാജ്യസഭയിൽ പറഞ്ഞു. എന്നാൽ എല്ലാ മതവിഭാഗങ്ങൾക്കും ബിൽ സംരക്ഷണം ഒരുക്കുന്നില്ല. പാകിസ്താനിൽ അഹ്മദീയ മുസ്ലിം വിഭാഗവും ഷിയാ മുസ്ലീംഗളും വിവേചനം നേരിടുന്നുണ്ട്. ബർമയിൽ രോഹിംഗ്യൻ മുസ്ലീംഗങ്ങളും ഹിന്ദുക്കളും വിവേചനം നേരിടുന്നുണ്ട്. ശ്രീലങ്കയിൽ ഹിന്ദു, ക്രിസ്ത്യൻ തമിഴ് വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ട്. മുസ്ലിംഗങ്ങൾക്ക് മറ്റ് ഇസ്ലാം രാജ്യങ്ങളിൽ അഭയം തേടാമെന്ന് കേന്ദ്രസർക്കാർ പറയുന്നു.

ബിൽ ബാധകമല്ലാത്ത സംസ്ഥാനങ്ങൾ

ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള പ്രദേശങ്ങൾക്ക് ഈ ബിൽ ബാധകമാകില്ല. അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവയാണ് ആ പ്രദേശങ്ങൾ.

എൻആർസിയും സിഎബിയും (സിറ്റിസൺഷിപ്പ് അമൻഡ്‌മെന്റ് ബിൽ) തമ്മിലുള്ള വ്യത്യാസം

1971 മാർച്ച് 24ന് മുമ്പ് അസമിൽ എത്തിയവരാണ് തങ്ങളോ തങ്ങളുടെ പൂർവികരോ എന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ മാത്രമേ അസം ജനതയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയുള്ളു. അനധികൃത കുടിയേറ്റക്കാരെ പ്രതിരോധിക്കാനായിരുന്നു ഇത്. എന്നാൽ സിഎബി വ്യക്തമായും മതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

Read Also : ഒറ്റ ദിവസം കൊണ്ട് ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം 19,06,067; എന്താണ് അസം പൗരത്വ രജിസ്റ്റർ ? പുറത്താക്കപ്പെട്ടവരുടെ ഭാവി എന്താകും ? [24 Explainer]

പ്രതിഷേധം എന്തിന് ?

ഇസ്ലാം മത വിശ്വാസികൾ ഒഴികെയുള്ള മതവിഭാഗത്തിന് പരിഗണന നൽകി മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നതാണ് ബിൽ. എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണ് ഇത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top