ബലാത്സംഗ കൊലപാതകക്കേസ് പ്രതികളെ വെടിവച്ചു കൊന്ന സംഭവം: ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ഇന്ന് പരിഗണിക്കും

ഹൈദരാബാദില്‍ ബലാത്സംഗ കൊലപാതകക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നതിലെ ജുഡീഷ്യല്‍ അന്വേഷണം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യാന്‍ കോടതി ഇന്നലെ ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, വിഷയം ഇന്ന് തെലങ്കാന ഹൈക്കോടതിയും പരിഗണിക്കും.
പൊലീസ് പ്രതികളെ വെടിവച്ചുകൊന്നതില്‍ സമഗ്ര അന്വേഷണം വേണമെന്ന അഭിഭാഷകരായ ജി എസ് മണി, എം എല്‍ ശര്‍മ, മുകേഷ് കുമാര്‍ ശര്‍മ എന്നിവരുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു.
പേരുകള്‍ ശുപാര്‍ശ ചെയ്യാന്‍ ഹര്‍ജിക്കാര്‍ക്കും നിര്‍ദേശം നല്‍കി. ഡല്‍ഹിയിലായിരിക്കും കമ്മീഷന്റെ ഓഫീസെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചിരുന്നു. അതേസമയം, തെലങ്കാന ഹൈക്കോടതിയും വിഷയം പരിഗണിക്കുന്നുണ്ട്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദേശം നല്‍കിയിരുന്നു. വെള്ളിയാഴ്ച്ച വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here