സിനിമ ലൊക്കേഷനുകളിൽ ലഹരിമരുന്ന് പരിശോധന ശക്തമാക്കി എക്‌സൈസ്

കൊച്ചി കേന്ദ്രീകരിച്ചുള്ള വിവിധ സിനിമ ലൊക്കേഷനുകളിൽ എക്‌സൈസ് പരിശോധന ശക്തമാക്കുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രമുഖ യുവ നടന്മാർ ഉൾപ്പെടുന്ന ലൊക്കേഷനുകളിലായിരുന്നു ഇന്നലെ പരിശോധന നടന്നത്.
എന്നാൽ ലഹരി ഉപയോഗത്തെ സംബന്ധിച്ച് ഒരു വിവരങ്ങളും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിവരം ലഭിച്ചാൽ പള്ളിയിലും പള്ളിക്കൂടത്തിലും എക്‌സൈസ് പരിശോധന നടത്തുമെന്നും അസിസ്റ്റന്റ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയൽ പറഞ്ഞു. ആലുവയിൽ സിഎസ്‌ഐ സഭയുടെ സോഷ്യൽ ബോർഡ്, എക്‌സൈസിന്റെ വിമുക്തി മിഷനുമായി ചേർന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്രയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെയിൽ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ തുടർച്ചായായാണ് നിർമാതാക്കൾ സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ആരോപണം പരസ്യമായി ഉന്നയിച്ചത്. മാത്രമല്ല, സിനിമ ലൊക്കേഷനുകളിൽ പൊലീസ് എത്തി പരിശോധന നടത്തണമെന്നും നിർമാതാക്കൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള വിവിധ സിനിമ ലൊക്കേഷനുകളിൽ പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here