ന്യൂജേഴ്‌സി വെടിവെയ്പ്പ്; അക്രമികൾക്ക് ജൂതന്മാരോടുള്ള വിദ്വേഷമെന്ന് സൂചന

ആറുപേരുടെ മരണത്തിനിടയാക്കിയ ന്യൂജേഴ്‌സി വെടിവെയ്പ്പിനു കാരണം അക്രമികൾക്ക് ജൂതന്മാരോടുള്ള വിദ്വേഷമെന്ന് സൂചന. സംഭവത്തിൽ നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതെന്ന് അറ്റോണി ജനറൽ ഗർബീർ ഗ്രെവൽ അറിയിച്ചു.
47 കാരനായ ഡേവിഡ് എൻ ആൻഡേഴ്‌സൺ, 50 കാരനായ ഫ്രാൻസിൻ ഗ്രഹാം എന്നിവരാണ് ന്യൂജേഴ്‌സിയിലെ കോഷർ സൂപ്പർ മാർക്കറ്റിൽ വെടിവെയ്പ്പ് നടത്തിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേരാണ് അക്രമികളുടെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. തുടർന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ അക്രമികളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കുറ്റവാളികൾക്ക് ജൂതരോടുള്ള വിദ്വേഷമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് അറ്റോണി ജനറൽ ഗർബീർ എസ് ഗ്രുവൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതു സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്. പ്രതികൾക്ക് നിയമപാലകരോടുള്ള അമർഷവും ആക്രമണത്തിന് പ്രേരകമായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നും ഗ്രുവൽ വ്യക്തമാക്കി. പൊലീസിനും ജൂതർക്കും എതിരെയുള്ള കൈയ്യെഴുത്തുകൾ അക്രമികളുടെ വാഹനത്തിൽ നിന്ന് കണ്ടെടുത്തിയിട്ടുണ്ട്.
ഇരുവരും ഉപയോഗിച്ചുവെന്ന് കരുതുന്ന ഒന്നിലധികം സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് തിരിച്ചറിഞ്ഞു. അക്രമികളുപയോഗിച്ച 5 തോക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെടിവെയ്പ് നടന്ന കോഷർ സൂപ്പർ മാർക്കറ്റിൽ നിന്ന് നാലും അക്രമികളുടെ വാഹനത്തിൽ നിന്ന് ഒരു തോക്കും കണ്ടെത്തി. ആഴ്ച്ചകൾക്ക് മുമ്പ് നടന്ന യൂബർ ഡ്രൈവറുടെ കൊലപാതകമായും അക്രമികൾക്ക് ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here