ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്കുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തിയോ? [24 Fact Check]

ദിനംപ്രതി വര്‍ധിച്ചവരുന്ന പീഡനകഥകളും കൊലപാതകങ്ങളും ആഗോളതലത്തില്‍ ഇന്ത്യയെ നാണംകെടുത്തുകയാണ്. പീഡനശേഷം ഇരകളെ ക്രൂരമായി കൊന്ന് കത്തിച്ച് കളയുന്ന പ്രതികള്‍ക്കെതിരെ അതിവൈകാരികമായ രീതിയിലാണ് പ്രതികരണങ്ങളുണ്ടാവുന്നത്. ഇതേ വൈകാരികതയാണ് സാമൂഹിക മാധ്യമങ്ങളില്‍ ലൈക്കും ഷെയറും കൊയ്യാന്‍ നുണപ്രചാരകര്‍ ഉപയോഗിക്കുന്നതും. ബലാത്സംഗ കുറ്റത്തിന് വധശിക്ഷ നല്കുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തിയെന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. എന്നാല്‍ അത്തരത്തിലൊരു നിയമമുണ്ടോ ?
ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്കുന്ന പുതിയ നിയമത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപംനല്‍കിയെന്ന തലക്കെട്ടോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വീഡിയോ പ്രചരിക്കുകയാണ്. രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പാര്‍ലമെന്റിലെ പ്രസംഗഭാഗമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ‘ബലാത്സംഗ കുറ്റത്തിന് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും വേഗത്തിലുള്ള വിചാരണയ്ക്ക് ശേഷം പ്രതികള്‍ക്ക് വധശിക്ഷ നല്കുകയാണെങ്കില് വികലമായ മനസുള്ളവര്‍ക്ക് ശക്തമായ താക്കീതായിരിക്കും ഇത് ” എന്നാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറയുന്നത്.
തനുജ് താക്കൂര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്ക് വച്ച ഈ വീഡിയോ എഴരലക്ഷത്തിലധികം ആളുകളാണ് കണ്ടത്. 28,000 ഷെയറുകളും ലഭിച്ചു. യുട്യൂബില്‍ ഇതെ കീവേഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ചത് ജനുവരി 31 ന് എബിപി ന്യൂസ് അപ്ലോഡ് ചെയ്ത വീഡിയോയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവരെ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കാന്‍ നിര്‍ദേശിക്കുന്ന പുതിയ നിയമത്തെക്കുറിച്ചാണ് രാഷ്ട്രപതി സംസാരിച്ചത്.
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് രാഷ്ട്രപതി പറഞ്ഞുവെന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. അതില്‍ ”കുട്ടികളെ” എന്ന വാക്ക് മുറിച്ച് മാറ്റി ബലാത്സംഗ കേസിലെ പ്രതികള്‍ എന്ന രീതിയില്‍ സാമാന്യവത്ക്കരിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പികുകയാണ് ചെയ്തത്. ബാലികമാരെ ലൈംഗികമായി പീഡിപ്പിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന നിയമം ഓഗസ്റ്റ് 5 മുതല്‍ പ്രബാല്യത്തില്‍ വന്നിട്ടുണ്ട്.
ഈ വീഡിയോയും വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ രാജ്യത്തെ ബലാത്സംഗക്കേസുകളില്‍ വിമര്‍ശനം നേരിടുന്ന കേന്ദ്രസര്‍ക്കാരിനെ വെള്ളപൂശാനുള്ള മറ്റൊരു അജണ്ടയാണ് പാളിപ്പോയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here