പാലാരിവട്ടം മേൽപാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ എതിർത്ത് സംസ്ഥാന സർക്കാർ

പാലാരിവട്ടം മേൽപാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ എതിർത്ത് സംസ്ഥാന സർക്കാർ. ഉത്തരവിനെതിരെ സർക്കാർ കോടതിയിൽ പുനപരിശോധന ഹർജി നൽകി. പാലത്തിന് ഗുരുതര തകരാറുണ്ടെന്നും പൊളിച്ചു പണിയുകയാണ് വേണ്ടതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പാലാരിവട്ടം മേൽപാലം പൊളിച്ചുപണിയും മുൻപ് ഭാരപരിശോധന നടത്തി സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മൂന്നുമാസത്തിനകം പരിശോധന നടത്തണമെന്നും പാലം നിർമിച്ച ആർഡിഎസ് കമ്പനി ഭാരപരിശോധനയുടെ ചെലവ് മുഴുവൻ വഹിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ പുനപരിശോധന ഹർജി നൽകിയത്. പാലം പൊളിച്ചുപണിയണമെന്നാണ് സർക്കാരിന്റെ നയപരമായ തീരുമാനം.
വിദഗ്ധ സമിതിയുടെ പരിശോധനയിൽ പാലത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയെന്നാണ് സർക്കാർ വാദം. പാലത്തിന്റെ ഭാരപരിശോധന നടത്താൻ മൂന്ന് മാസത്തെ സാവകാശമാണ് സർക്കാരിന് കോടതി അനുവദിച്ചിട്ടുണ്ടായിരുന്നത്. നിയമ നടപടികൾ നീണ്ടു പോകുന്നത് പാലം പുതുക്കി പണിയുന്നത് വൈകാൻ ഇടയാക്കുമെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് അഞ്ച് ഹർജികളാണ് ഹൈക്കോടതിയിൽ സമർപിക്കപ്പെട്ടത്. ഈ ഹർജികൾ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. ഭാരപരിശോധന നടത്താതെ പാലം പൊളിച്ചു നീക്കരുതെന്ന് കരാർ കമ്പനി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
Storyhighlight: state government, High Court, weightage test on the bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here