Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (14-12-2019)

December 14, 2019
1 minute Read

‘മാപ്പ് പറയാൻ എന്റെ പേര് സവർക്കർ എന്നല്ല’; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽഗാന്ധി

‘റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മരിക്കാൻ തയ്യാറാണ്. എന്നാൽ മാപ്പ് പറയില്ല. മാപ്പ് പറയാൻ തന്റെ പേര് സവർക്കർ എന്നല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിൽ സർക്കാരിനെതിരെ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

‘റോഡിലെ കുഴിയടക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കും’; കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരൻ

കൊച്ചി പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. റോഡിലെ കുഴിയടക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതുപോലെ മറ്റ് ജില്ലകളിലെ റോഡുകളിൽ കുഴിയുണ്ടെന്നും അതിന് നടപടിയെടുക്കുന്നുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.

കോഴിക്കോട്ടെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യ: യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് മുക്കത്തെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യയിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന കാരശേരി മുക്കം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്.

പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. അസമിലും പശ്ചിമബംഗാളിലും തുടങ്ങിയ പ്രക്ഷോഭം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്കും മേഘാലയിലേക്കും വ്യാപിച്ചിരിക്കുകയാണ്. എല്ലായിടങ്ങളിലും പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടുകയും വ്യാപക സംഘര്‍ഷങ്ങളുണ്ടാവുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തില്‍ പ്രശ്‌ന ബാധിത സംസ്ഥാനങ്ങളില്‍ കൂടുതല്‍ അര്‍ധ സൈനിക വിന്യാസം നടത്താനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. അസാമിലെ ചില ജില്ലകളില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും സാഹചര്യം സാധാരണ നിലയിലെയ്ക്ക് മടങ്ങിയിട്ടില്ല. വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധ പരിപാടികള്‍ തുടരുമെന്ന് വ്യക്തമാക്കി.

ജമ്മുകാശ്മീരിനും ലഡാക്കിനും പ്രത്യേക പദവി നല്‍കിയേക്കും

കേന്ദ്രഭരണ പ്രദേശമായി മാറിയ ജമ്മുകാശ്മീരിനും ലഡാക്കിനും പ്രത്യേക പദവി നല്‍കിയേക്കും. ഭരണഘടനയുടെ 371-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവിനല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.മഹാരാഷ്ട്ര, ഗുജറാത്ത്, നാഗലന്റ്, അസം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതിന് സമാനമായ പദവിയാണ് ജമ്മുകാശ്മീരിനും ലഡാക്കിനും ലഭിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top