‘റോഡിലെ കുഴിയടക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കും’; കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരൻ

കൊച്ചി പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. റോഡിലെ കുഴിയടക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതുപോലെ മറ്റ് ജില്ലകളിലെ റോഡുകളിൽ കുഴിയുണ്ടെന്നും അതിന് നടപടിയെടുക്കുന്നുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.
കോടതികളിൽ ലക്ഷക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുകയാണ്. അത് ജഡ്ജിമാരുടെ കുറ്റംകൊണ്ടാണോ എന്ന് സുധാകരൻ ചോദിക്കുന്നു. ജഡ്ജിമാരുടേയും സ്റ്റാഫിന്റേയും കുറവുകൾ മൂലവും കോടതിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടുമാണ് കേസുകൾ കെട്ടിക്കിടക്കുന്നത്. ഇത്തരം സംഭവങ്ങളിൽ കോടതികൾ പ്രതികരിക്കും. അത് സ്വാഭാവികമാണ്. മൂക്കേൽ വിരൽവച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ഈ ഗവൺമെന്റ് വന്നതിന് ശേഷം 700 കോടിയുടെ കെട്ടിടങ്ങളാണ് കോടതിക്ക് നിർമിച്ച് നൽകിയത്. ഹൈക്കോടതിക്ക് ഏഴ് നിലയുള്ള മന്ദിരം അടക്കം കോടതിയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here