ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

വയനാട് ബത്തേരി സർവജന സ്‌കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധന സഹായം കൈമാറി. മന്ത്രി എ.കെ ബാലൻ ഷഹ്‌ലയുടെ വീട്ടിൽ നേരിട്ടെത്തിയാണ് ധനസഹായമായ പത്ത് ലക്ഷം രൂപ കൈമാറിയത്. അശ്രദ്ധയുടെ ഇരയായിരുന്നു ഷഹ്‌ല എന്ന് എ.കെ ബാലൻ പറഞ്ഞു.
നവംബർ 20 വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിനിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു. വിദ്യാർത്ഥിനിയുടെ മരണം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. മരണത്തിന് കാരണക്കാരായ അധ്യാപകരെ സസ്‌പെൻഡ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here