ചികിത്സാ സഹായ നിധിയുടെ പേരിൽ തട്ടിപ്പ്; രണ്ട് പേരെ പൊലീസ് പിടികൂടി

ചികിത്സാ സാഹായ നിധിയുടെ പേരിൽ തട്ടിപ്പിനിറങ്ങിയ രണ്ട് പേരെ കണ്ണൂർ പയ്യന്നൂരിൽ പിടികൂടി. രോഗി അറിയാതെ വ്യാജ നോട്ടീസും രസീതും സീലും ഉപയോഗിച്ച് പണം തട്ടിയെടുത്തവരെയാണ് പൊലീസ് പിടികൂടിയത്.
ചികിത്സാ സഹായത്തിന്റെ പേരിൽ പണം തട്ടിയ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി സദാനന്ദൻ, പയ്യന്നൂർ കോറാം സ്വദേശി ഉമേഷൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ തിരൂർ സ്വദേശിയും രോഗബാധിതനുമായ രമേശൻ എന്നയാളുടെ പേരിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. രമേശനോ കുടുംബാംഗങ്ങളോ അറിയാതെ ചികിത്സാ സഹായം എന്ന പേരിൽ വ്യജ നോട്ടീസും രസീതും സീലും ഉപയോഗിച്ച് ഇവർ പണം തട്ടുകയായിരുന്നു. സാധുജന സംരക്ഷണ വേദി എന്ന പേരിലാണ് ഇവർ പണം പിരിച്ചത്. ഇരുവരും ചേർന്ന് വർഷങ്ങളായി തട്ടിപ്പ് നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലായി സാധുജന വേദിക്ക് പത്തിലേറെ ബ്രാഞ്ചുകൾ ഉണ്ടെന്നാണ് നോട്ടീസിൽ പറയുന്നത്. പ്രതികളിൽ നിന്ന് നിരവധി നോട്ടീസും സീലും പണവും കണ്ടെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here