പന്തിനും ശ്രേയസിനും അർധസെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട നിലയിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ടോപ്പ് ഓർഡർ വേഗം കീഴടങ്ങിയപ്പോൾ ഋഷഭ് പന്തിൻ്റെയും ശ്രേയസ് അയ്യരിൻ്റെയും അർധസെഞ്ചുറികളാണ് ഇന്ത്യയെ കരകയറ്റിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 44 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്തിട്ടുണ്ട്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഏഴാം ഓവറിൽ ലോകേഷ് രാഹുലിനെ നഷ്ടമായി. ആറ് റൺസെടുത്ത രാഹുലിനെ ഹെട്മയറുടെ കൈകളിലെത്തിച്ച ഷെൽഡൻ കോട്രലാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. ആ ഓവറിൽ തന്നെ ക്യാപ്റ്റൻ വിരാട് കോലിയെ (4) ക്ലീൻ ബൗൾഡാക്കിയ കോട്രൽ ഇന്ത്യയെ അപകടത്തിലേക്ക് തള്ളിവിട്ടു. മൂന്നാം വിക്കറ്റിൽ രോഹിതുമായി ചേർന്ന ശ്രേയസ് ശ്രദ്ധാപൂർവം ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. 19ആം ഓവറിൽ അലിസാരി ജോസഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മുംബൈ ഇന്ത്യൻസ് താരമായ ജോസഫ് തൻ്റെ ഐപിഎൽ ക്യാപ്റ്റൻ രോഹിതിനെ ടീം അംഗമായ കീറോൺ പൊള്ളാർഡിൻ്റെ കൈകളിലെത്തിച്ചു. 36 റൺസെടുത്ത് ഇന്ത്യയുടെ ഉപനായകൻ പുറത്താകുമ്പോൾ ശ്രേയസ് അയ്യരുമായി 55 റൺസ് കൂട്ടിച്ചേർത്തിരുന്നു.
നാലാം വിക്കറ്റിലാണ് ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നത്. ടി–20 പരമ്പരയിലെ മോശം ഫോം കഴുകിക്കളയാനുറച്ച് ക്രീസിലെത്തിയ പന്ത് സാവധാനത്തിലാണ് ഇന്നിംഗ്സ് ആരംഭിച്ചത്. പിച്ചിനോടിണങ്ങിയതിനു ശേഷം തൻ്റെ സ്ഥിരം ബാറ്റിംഗ് ശൈലി പുറത്തെടുത്ത പന്തും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യൻ സ്കോർ മുന്നോട്ടു നയിച്ചു. 70 പന്തുകളിൽ ശ്രേയസും 49 പന്തുകളിൽ പന്തും തങ്ങളുടെ ആദ്യ അർധസെഞ്ചുറികൾ കുറിച്ചു. തൻ്റെ ആദ്യ ഏകദിന ഫിഫ്റ്റിയാണ് ഋഷഭ് പന്ത് കണ്ടെത്തിയത്. 114 റൺസ് നീണ്ട ഈ കൂട്ടുകെട്ട് അലിസാരി ജോസഫ് പൊളിച്ചു. 88 പന്തുകളിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സറും സഹിതം 70 റൺസെടുത്ത ശ്രേയസ് ആണ് ജോസഫിൻ്റെ ഇരയായത്. 40ആം ഓവറിൽ പന്തും പുറത്തായി. 69 പന്തുകളിൽ ഏഴ് ബൗണ്ടറികളും ഒരു സിക്സറും സഹിതം 71 റൺസെടുത്ത പന്ത് പൊള്ളാർഡിൻ്റെ പന്തിൽ ഒരു കൂറ്റൻ ഷോട്ടിനുള്ള ശ്രമത്തിനിടെ ഹെട്‌മയറുടെ കൈകളിൽ ഒതുങ്ങി.
നിലവിൽ രവീന്ദ്ര ജഡേജയും (11) കേദാർ ജാദവും (29) ആണ് ക്രീസിൽ. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 35 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here