ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുന്ന സിനിമാ പ്രവർത്തകരെ പിന്തുണച്ച് റിമ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ രാജ്യത്താകമാനം പുകയുമ്പോൾ മലയാള സിനിമാ പ്രവർത്തകരും പ്രതികരിക്കുന്നു. അവസാനം അഭിനേത്രിയും നർത്തകിയുമായ റിമാ കല്ലിങ്കലാണ് രംഗത്ത്. വിഷയത്തിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ സിനിമ പ്രവർത്തകരെ പിന്തുണച്ചാണ് റിമാ കല്ലിങ്കൽ രംഗത്തെത്തിയിരിക്കുന്നത്.
‘രാജ്യത്തെ സമാധാനം മതത്തിന്റെ പേരിൽ തകർക്കരുത്. ഒരുമിച്ച് നിൽക്കാം നമുക്ക്. സ്‌നേഹവും സമാധാനവും എല്ലാവർക്കുമെപ്പോഴും ഉണ്ടാവട്ടെ’, സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സകരിയയുടെ കുറിപ്പ് പങ്കുവച്ച് നായിക പറഞ്ഞു. ഫേസ്ബുക്കിലാണ് നടി പ്രതികരിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകൻ സകരിയയാണ് ഫേസ്ബുക്കിലൂടെ ചടങ്ങ് ബഹിഷ്കരിക്കുന്ന കാര്യം അറിയിച്ചത്. താനും തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയും നിർമാതാക്കളും പുരസ്‌കാര ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സകറിയ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മലയാള ചലച്ചിത്രം സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തിരുന്നു. പുരസ്‌കാര പരിപാടികൾ ഡൽഹിയിൽ നടക്കാനിരിക്കെയാണ് അണിയറപ്രവർത്തകർ പ്രതിഷേധമായി ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.
national film award, rima kallingal, director sakariya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here