പൗരത്വ ഭേദഗതി നിയമം; തിരുവനന്തപുരത്ത് ഒറ്റക്കെട്ടായി അണിനിരന്ന് കേരളത്തിന്റെ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്തു കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം നടന്ന സത്യഗ്രഹത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേതൃത്വം നല്‍കി. ആര്‍എസ്എസ് അജണ്ടയെ അംഗീകരിക്കാന്‍ കേരളത്തെ കിട്ടില്ലെന്ന് പിണറായിയും രാജ്യത്ത് ഭീതിജനകമായ അന്തരീക്ഷമാണെന്ന് ചെന്നിത്തലയും പറഞ്ഞു.
രാവിലെ പത്തുമണിക്കാണ് കേരളത്തിന്റെ ഒരു പരിച്ഛേദത്തെ വേദിയില്‍ അണിനിരത്തിയുള്ള പ്രതിഷേധം ആരംഭിച്ചത്. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമെ രാഷ്ട്രീയ-സാംസ്‌കാരിക-സാമുദായിക രംഗത്തെ പ്രമുഖര്‍ സമരത്തില്‍ പങ്കെടുക്കാനെത്തി. സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണെന്നും നിയമഭേദഗതി നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമഭേദഗതിയിലൂടെ രാജ്യത്തെ ജനങ്ങളെ മുസ്ലീമുകളും അതല്ലാത്തവരുമായി വിഭജിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപച്ചു. രാഹുല്‍ഗാന്ധിയുടെ ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണെന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണമെന്നും ചെന്നിത്തല.
അതേ സമയം, ഏതെങ്കിലും ഒരുവിഭാഗം മാത്രം ചേര്‍ന്നുനടത്തുന്ന ഹര്‍ത്താലിനോട് യോജിക്കാനാവില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തകരായ എംകെ സാനു, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി പത്മനാഭന്‍, കെപിഎസി ലളിത തുടങ്ങി നിരവധി പേര്‍ പ്രതിഷേധത്തിന് പിന്തുണയുമായെത്തിയിരുന്നു. വേദിക്ക് പുറത്തും യുവജന വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ അഭിവാദ്യപ്രകടനങ്ങളുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here