അർധനഗ്നരായി ജാമിഅ മില്ലിയ വിദ്യാർത്ഥികളുടെ പ്രതിഷേധം; അലിഗഡ് സർവകലാശാല ഒഴിപ്പിക്കുന്നു: യുപിയിലെ ആറു ജില്ലകളിൽ നിരോധനാജ്ഞ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയുടെ വിവിധ സർവകലാശാലകളിൽ നടക്കുന്ന പ്രതിഷേധങ്ങൾ കരുത്താർജിക്കുന്നു. ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ ഷർട്ടൂരി അർദ്ധനഗ്നരായാണ് പ്രതിഷേധം നടത്തിയത്. സർവകലാശാലക്കുള്ളിൽ കയറി വിദ്യാർത്ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ പുതിയ സമരമാർഗം സ്വീകരിച്ചത്.
കഴിഞ്ഞ ദിവസത്തെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റവരും അല്ലാത്തവരുമായ വിദ്യാർത്ഥികൾ ഷർട്ടുകൾ അഴിച്ച് സർവകലാശാല ഗേറ്റിനു മുന്നിൽ നടന്ന സമരത്തിൽ അണിചേർന്നു. പൊലീസ് മർദ്ദനത്തിൻ്റെ പാടുകൾ പ്രദർശിപ്പിച്ചു കൊണ്ടാണ് പല വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കായത്.
കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ അലിഗഡ് സർവകലാശാലയിൽ നിന്ന് തിങ്കളാഴ്ചയോടെ മുഴുവൻ വിദ്യാർത്ഥികളെയും ഒഴിപ്പിക്കുമെന്ന് യുപി പൊലീസ് അറിയിച്ചു. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ ആറു ജില്ലകളിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹി ജാമിഅ മില്ലിയയിലെ സംഘർഷത്തിനു പിന്നാലെയാണ് അലിഗഢിലും വിദ്യാർത്ഥി പ്രതിഷേധം അരങ്ങേറിയത്. സംഘർഷത്തിൽ പൊലീസുകാർക്കും വിദ്യാർത്ഥികൾക്കും പരുക്കേറ്റു. തുടർന്ന് മീററ്റ്, അലിഗഢ്, സഹാറന്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളിൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കി. അലിഗഡ്, ജാമിഅ മില്ലിയ എന്നീ സർവകലാശാലകൾക്കു പുറമെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്, യുപി നദ്‌വ കോളജ് തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here