പൗരത്വ ഭേദഗതി നിയമം; മലബാറിൽ പ്രതിഷേധം ശക്തം

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലബാറിൽ പ്രതിഷേധം ശക്തമാവുന്നു. നിയമ ഭേദഗതിക്കെതിരെ വിദ്യാർത്ഥി സംഘടനകൾ തെരുവിൽ ഇറങ്ങി. മലപ്പുറം പെരിന്തൽമണ്ണ ഡിവൈഎഫ്ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു.
ഇന്നലെ ആരംഭിച്ച പ്രതിഷേധമാണ് മലബാറിൽ ഇപ്പോഴും ശക്തമായി തുടരുന്നത്. വിദ്യാർത്ഥി യുവജന സംഘടനകൾ ഒന്നാകെ തെരുവിൽ ഇറങ്ങി. കോഴിക്കോട് എസ്എഫ്ഐ യുടെ നേതൃത്വത്തിൽ ആയിരങ്ങളെ അണിനിരത്തി ലോങ് മാർച്ച് സംഘടിപ്പിച്ചു. വെസ്റ്റ് ഹിൽ വിക്രം മൈതാനത്തു നിന്നും ആരംഭിച്ച മാർച്ച് മാനാഞ്ചിറ ജിഎസ്ടി ഭവനു മുന്നിലാണ് അവസാനിച്ചത്. സമരം ശക്തമായി തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞൂ.
കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു. കെഎസ്‌യു പ്രവർത്തകർ കണ്ണൂർ, വയനാട് പാത ഉപരോധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ പെരുന്തൽമണ്ണയിൽ രാജറാണി എക്സ്പ്രസ് തടഞ്ഞു. എഐവൈഎഫ് പ്രവർത്തകർ കൊണ്ടോട്ടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കോഴിക്കോട് – പാലക്കാട് ദേശീയ പാത ഉപരോധിച്ചു. സർവകലാശാല ജീവനക്കാരുടെയും അധ്യാപകരുടെയും വലിയ പ്രതിഷേധത്തിന് കാലിക്കറ്റ് സർവകലാശാല വേദിയായി. കൂടാതെ എസ്കെഎസ്എസ്എഫ് പ്രവർത്തകർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മലബാറിലെ പല കലാലയങ്ങളിലും വിദ്യാർഥികൾ പഠിപ്പ് മുടക്കി പൗരത്വ നിയമ ഭേദഗതി ക്കെതിരെ തെരുവിലാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here