സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നു കണ്ടെത്തിയ രക്തകറ ജെയ്നമ്മയുടേത്; നിര്‍ണായക തെളിവ്

കോട്ടയം ഏറ്റുമാനൂർ ജെയ്നമ്മ കൊലക്കേസിൽ നിർണായക കണ്ടെത്തൽ. പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.
കഴിഞ്ഞ മാസം നടന്ന പരിശോധനയിൽ ലഭിച്ച സാമ്പിളിൽ നിന്നുള്ള പരിശോധനാഫലമാണ് ഇപ്പോൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചത്. പള്ളിപ്പുറത്തെ വീട്ടിൽ രണ്ട് സ്ഥലങ്ങളിൽ നിന്നാണ് രക്തക്കറ കിട്ടിയത്. ആദ്യ പരിശോധനയിൽ വീടിന്റെ ഡൈനിംഗ് ഹാളിൽ നിന്ന് രക്തക്കറ ലഭിച്ചു. ജൂലൈ 28നാണ് ഈ പരിശോധന നടന്നത്. ഈ മാസം 4-നു നടന്ന പരിശോധനയിൽ ശുചിമുറിയിൽ നിന്നും രക്തക്കറ കണ്ടെത്തിയിരുന്നു.
ജെയ്‌നമ്മയുടെ മൊബൈൽഫോണും വസ്ത്രവും കണ്ടെത്തണം. സ്വർണാഭരണങ്ങൾ വിറ്റയിടത്തുനിന്നും പണയംവച്ച സഹകരണ സ്ഥാപനത്തിൽനിന്നും അന്വേഷകസംഘം വീണ്ടെടുത്തിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ചാണ് ജെയ്‌നമ്മയുടെ തിരോധാനം അന്വേഷിക്കുന്നത്. കാണാതായ ഡിസംബർ 23-നുതന്നെ ജെയ്നമ്മ കൊല്ലപ്പെട്ടെന്നെ നിഗമനത്തിലായിരുന്നു അന്വേഷകസംഘം. ജെയ്‌നമ്മയുടെ ഫോൺ സെബാസ്റ്റ്യൻ കൈവശംവച്ച് ഉപയോഗിച്ചതാണ് കുറ്റകൃത്യം തെളിയുന്നതിലേക്ക് എത്തിയത്. ഫോണിന്റെ സ്ഥാനം പിന്തുടർന്നുള്ള അന്വേഷണമാണ് നിർണായക വഴിത്തിരിവായത്. 2024 ഡിസംബറിലാണ് ഏറ്റുമാനൂർ സ്വദേശിനി ജെയമ്മയെ കാണാതായത്.
Story Highlights : Crucial evidence found in Jainamma’s disappearance case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here