തിരുവനന്തപുരം വിമാനത്താവളം വഴി രണ്ട് കിലോ സ്വർണ്ണം കടത്താൻ ശ്രമം; പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

തിരുവനന്തപുരം വിമാനത്താവളം വഴി 2 കിലോ സ്വർണ്ണം കടത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ഡിആർഐ കസ്റ്റഡിയിലെടുത്തു. വഞ്ചിയൂർ സ്റ്റേഷനിലെ ക്രൈം എസ്ഐ സഫീറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളോടൊപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാവിലെ ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എമിറേറ്റ്സ് വിമാനത്തിലാണ് രണ്ട് കിലോ സ്വർണം കണ്ടെത്തിയത്. സീറ്റിന്റെ കുഷനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തുടർന്ന് ഇതേ സീറ്റിൽ യാത്ര ചെയ്തിരുന്ന വഞ്ചിയൂർ ക്രൈം എസ്ഐ സഫീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളോടൊപ്പം ഉണ്ടായിരുന്ന വനിതാ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയത് എസ്ഐയുടെ അറിവോടെയാണ് എന്നാണ് ഡിആർഐ നിഗമനം. വിദേശത്ത് ബന്ധുക്കളെ കാണാൻ പോകുന്നു എന്നായിരുന്നു അവധിയിലുള്ള സഫീർ സ്റ്റേഷനിൽ അറിയിച്ചിരുന്നത്. വനിതാ സുഹൃത്തിന്റെ പങ്കും പരിശോധിച്ചുവരികയാണ്.
ഇവർ സ്ഥിരമായി സ്വർണം കടത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്ന് ഡിആർഐ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here