പൗരത്വ ഭേദഗതി നിയമം; മകന് രാജ്യം വിടേണ്ടി വരുമോ എന്ന ഭയം മൂലം 36കാരി തൂങ്ങി മരിച്ചു

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ 36കാരിയായ യുവതി തൂങ്ങിമരിച്ചു. 19കാരനായ മകന് ആധാർ കാർഡില്ലാത്തതിനാൽ രാജ്യം വിടേണ്ടി വരുമോ എന്ന ഭീതി മൂലമാണ് ഷിപ്ര സിക്തർ എന്ന യുവതി തൂങ്ങി മരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഷിപ്ര.
പശ്ചിമ ബംഗാളിലെ പര്‍ബാ ബര്‍ദമന്‍ ജില്ലയിൽ താമസിക്കുന്ന ഷിപ്ര കഴുത്തിൽ മഫ്ലർ ചുറ്റിയാണ് തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ടു മക്കളുടെ മാതാവായ ഷിപ്രയുടെ ഭർത്താവ് വാൻ ഡ്രൈവറാണ്. ഷിപ്ര തൊഴിലുറപ്പ് പദ്ധതിയിലൂടെ ജോലി ചെയ്തിരുന്നു.
പൗരത്വ ഭേദഗതി നിയമം പാസാക്കിയതു മുതൽ ഷിപ്ര ഭീതിയിലായിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. 19കാരനായ മകന് ആധാർ കാർഡ് ഉണ്ടായിരുന്നില്ല. മകൻ്റെ രേഖകൾ നേരെയാക്കാൻ നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങിയ യുവതി പൗരത്വ ഭേദഗതി നിയമത്തിൻ്റെ പശ്ചാത്തലത്തിൽ മകന് രാജ്യം വിടേണ്ടി വരുമോ എന്ന ആശങ്കയെത്തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ, ഈ ആരോപണങ്ങൾ തള്ളി ബിജെപി രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഭർത്താവുമായി ഇവർ സ്ഥിരം വഴക്കിടാറുണ്ടായിരുന്നുവെന്നും അതു കൊണ്ടാണ് യുവതി ആത്മഹത്യ ചെയ്തതെന്നും ബിജെപി പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here