ഫിൻലാൻഡ് പ്രധാനമന്ത്രിയെ ‘സെയിൽസ് ഗേൾ’ എന്ന് വിളിച്ചു; എസ്റ്റോണിയൻ പ്രസിഡൻറ് മാപ്പ് പറഞ്ഞു

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ഫിൻലാൻഡിന്റെ സന്ന മാരില്ലാ മാരിനെ പരിഹസിച്ച സംഭവത്തിൽ എസ്റ്റോണിയൻ പ്രസിഡൻറ് മാപ്പ് പറഞ്ഞു. എസ്റ്റോണിയയിലെ ആഭ്യന്തര മന്ത്രിയായ മാർട്ട് ഹെൽമെ സന്ന മാരിനെ ‘സെയിൽസ് ഗേൾ’ എന്ന് വിളിച്ച് പരിഹസിച്ച സംഭവത്തിലാണ് പ്രസിഡൻറ് കെർസ്റ്റി കൽജുലൈദ് മാപ്പ് പറഞ്ഞത്. മന്ത്രിയുടെ പ്രവൃത്തി അത്യന്തം ലജ്ജാകരമെന്നും പ്രസിഡന്റ്.
ഫിൻലാൻഡ് പ്രസിഡൻറ് സൗലി നിനിസ്റ്റോയെ വിളിച്ച് സംസാരിച്ചിരുന്നെന്നും സന്ന മാരിനോടും അവരുടെ സർക്കാരിനോടും എസ്റ്റോണിയയുടെ മാപ്പ് അറിയിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൽജുലൈദ് പ്രസ്താവനയിലൂടെ അറിയിച്ചു.
രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുമ്പ് സന്ന മാരിൻ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഒരു റേഡിയോ ടോക്ക് ഷോക്കിടെ എസ്റ്റോണിയൻ ആഭ്യന്തര മന്ത്രി മാർട്ട് ഹെൽമെ പരിഹാസ പരാമർശം നടത്തിയത്.
എങ്ങനെയാണ് ഒരു സെയിൽസ് ഗേൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുകയെന്നും എങ്ങനെയാണ് വിദ്യാഭ്യാസമില്ലാത്തവർ മന്ത്രിസഭയിലെത്തുന്നതെന്നുമാണ് ഫിൻലാൻഡിൽ നമ്മളിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് എന്നും ആയിരുന്നു പ്രസ്താവന. പരാമർശം വിവാദമായതോടെ ഹെൽമെക്കെതിരെ കനത്ത പ്രതിഷേധമാണ് ആഗോള തലത്തിൽ ഉയർന്നത്. ഇതോടെ എസ്റ്റോണിയൻ പ്രസിഡൻറ് മാപ്പപേക്ഷയുമായി രംഗത്തെത്തി.
sanna marin, finland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here