Advertisement

ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപ പരിധി ഉയർത്തുന്നു

December 17, 2019
0 minutes Read

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപപരിധി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനം. 74 ശതമാനമായാണ് പരിധി ഉയർത്തുക. വിദേശപരിധി ഉയർത്തുന്നത് ഓർഡിനൻസായി നടപ്പിലാക്കുകയും പിന്നീട് മണിബില്ലായി ലോക്‌സഭയിൽ അവതരിപ്പിച്ച് അംഗീകാരം നേടാനുമാണ് കേന്ദ്രസർക്കാർ തീരുമാനം. പുതിയ തീരുമാനം നടപ്പാകുമ്പോൾ എൽഐസി ഉൾപ്പെടെയുള്ള കമ്പനികളുടെ നിയന്ത്രണം വിദേശ കോർപറേറ്റുകളുടെ കൈകളിലെത്തും.

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനമായിരുന്നത് 2015ലാണ് 49 ശതമാനമായി വർധിപ്പിച്ചത്. ഈ മാസം രണ്ടിന് കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നിർദേശം ഇൻഷുറൻസ് റെഗുലേറ്ററി ഡെവലെപ്പ്‌മെന്റ് അതോറിറ്റി തേടി കത്തയച്ചിരുന്നു. ഇതിന് തുടർച്ചയായാണ് വിദേശ നിക്ഷേപപരിധി ഉയർത്താനുള്ള തീരുമാനം. നിലവിൽ 49 ശതമാനമാണ് ഇൻഷുറൻസ് മേഖലയിലെ പരമാവധി വിദേശ നിക്ഷേപം. പുതിയ തീരുമാനം നടപ്പാകുമ്പോൾ എൽഐസി ഉൾപ്പെടെയുള്ള കമ്പനികളുടെ നിയന്ത്രണം വിദേശ കോർപറേറ്റുകളുടെ കൈകളിലെത്താനുള്ള സാധ്യത തുറക്കുന്നതാണ്.

ജനറൽ ഇൻഷുറൻസ് മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ നാഷണൽ ജനറൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ്, ഓറിയെന്റൽ ഇൻഷുറൻസ് എന്നീ കമ്പനികളെ ലയിപ്പിച്ച് സ്റ്റോക്ക് എക്‌സേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനുള്ള നടപടികളും ഉടൻ ഉണ്ടാകും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഹരികൾ വിറ്റഴിക്കുന്നതിനായി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന നടപടികൾ ഇതിനകം പൂർത്തിയാക്കി. രാജ്യസഭയിലെ എതിർപ്പ് ഒഴിവാക്കാനാണ് വിദേശ നിക്ഷേപത്തിന്റെ പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതി മണി ബില്ലായി അവതരിപ്പിക്കാനുള്ള സർക്കാർ തീരുമാനം. ഇക്കാര്യത്തിൽ ഉടൻ സർക്കാർ ഒർഡിനൻസ് പുറപ്പെടുവിക്കും. ഇൻഷുറൻസ് മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. വിദേശ നിക്ഷേപ പരിധി ഉയർത്തി നിയന്ത്രണാവകാശം വിദേശ കമ്പനികൾക്ക് ലഭിക്കുന്നതോടെ സാധാരണക്കാർക്ക് പോളിസികളുമായി ബന്ധപ്പെട്ട ആനുകൂല്യം ലഭിക്കുന്നതിൽ വലിയ പ്രതിസന്ധികളുണ്ടാകം. നിലവിൽ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ എന്നീ ഇൻഷുറൻസ് കമ്പനികളിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപങ്ങളുടെ തോത് 74 ശതമാനത്തോളമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top