പ്രണയ വിവാഹം തടയാൻ യുവതിയെ മാനസികരോഗിയാക്കാൻ നീക്കം; വിമർശിച്ച് ഹൈക്കോടതി

പ്രണയ വിവാഹത്തിന് തടയിടാൻ യുവതിയെ മാനസികരോഗിയാക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞ് ഹൈക്കോടതി. വീട്ടുകാർ നൽകിയ പരാതിയിൽ യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധിപ്പിച്ച് ചികിത്സ നൽകണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കി.
മതിയായ തെളിവുകളില്ലാതെയാണ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഹൈക്കോടതി വിലയിരുത്തി. നിയമ വിരുദ്ധവും യുക്തിരഹിതവുമായ ഉത്തരവ് ഭരണഘടന ഉറപ്പു നൽകുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ്. യുവതിക്ക് മനോരോഗമുണ്ടെന്ന് സർട്ടിഫിക്കറ്റ് നൽകിയത് കൗൺസലിംഗിൽ ഡോക്ടറേറ്റുള്ള ഒരാളാണ്. ഇയാൾ ഡോക്ടറോ സൈക്യാട്രിസ്റ്റോ അല്ലെന്നിരിക്കെ മനോരോഗമുണ്ടെന്ന് എങ്ങനെ വിലയിരുത്തിയെന്നും കോടതി ചോദിച്ചു. യുവതിക്ക് മാനസിക രോഗമുണ്ടെന്ന സർട്ടിഫിക്കറ്റ് വിശ്വസനീയമല്ലെന്നും കോടതി അറിയിച്ചു.
ചേർത്തല സ്വദേശികളായ പ്രസാദും ശാലിനിയും പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല. തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് വീട്ടുകാർ പരാതി നൽകി. വ്യാജ പരാതിയെന്ന് കണ്ടതിനെ തുടർന്ന് കേസ് എഴുതിത്തള്ളി. പിന്നാലെയാണ് യുവതിക്ക് മാനസികരോഗമാണെന്ന് വ്യക്തമാക്കി വീട്ടുകാർ ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പ്രസാദും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here