’22 പേർ എവിടെയാണെന്ന് പോലും അറിയില്ല’; പൊലീസ് അതിക്രമം നേരിട്ട അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥികൾ പറയുന്നു

ഡൽഹിയിലെ ജാമിഅയ്ക്ക് സമാനമായി ഉത്തർപ്രദേശിലെ അലിഗഡ് സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് അനുഭവിക്കേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ. പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികളോട് രാത്രി പതിനെന്ന് മണിയ്ക്ക് മുമ്പായി ഹോസ്റ്റൽ ഒഴിയാൻ അടക്കമാണ് അധികൃതർ ആവശ്യപ്പെട്ടത്. ക്രൂരമായ സമീപനമാണ് രജിസ്ട്രാർ അടക്കമുള്ളവരിൽ നിന്ന് ഉണ്ടായതെന്നും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് പറഞ്ഞു.
പൊലീസ് അതിക്രൂരമായ അതിക്രമമാണ് നടത്തിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഹോസ്റ്റലിന് അകത്തുകയറി വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചു. അന്ധ വിദ്യാർത്ഥികൾക്ക് നേരെയും അതിക്രമം നടന്നു. ആറോളം പൊലീസുകാർ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച ശേഷം വാഹനത്തിൽ കയറ്റി കൊണ്ടുപോയി. 22 കുട്ടികൾ എവിടെയാണെന്ന് ഒരു വിവരവുമില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
പെൺകുട്ടികളുടെ ഹോസ്റ്റലിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ഒരു വിദ്യാർത്ഥിനി പറഞ്ഞു. ഫോണിൽ ആരെയും ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. എന്താണ് നടന്നതെന്ന് അറിയാൻ വഴിയില്ലായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. പൊലീസിന്റെ നടപടിയിൽ ഭയന്നിരുന്നതായും വിദ്യാർത്ഥികൾ വ്യക്തമാക്കി.
ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്ന് വന്നവർക്ക് തിരിച്ചു പോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
തങ്ങളുടെ അവസ്ഥയും സമാനമാണ്. ടിക്കറ്റ് ശരിയായാൽ നാളെ തന്നെ നാട്ടിലേക്ക് മടങ്ങുമെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.
story highlights- aligarh muslim university, citizenship amendment act, jamia millia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here