Advertisement

ജാമിഅ മില്ലിയയിൽ നിന്ന് ആയുധശേഖരം കണ്ടെടുത്തോ? [24 Fact Check]

December 17, 2019
5 minutes Read

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്. രാജ്യത്തുടനീളമുള്ള സർവകലാശാലകൾ ഉറങ്ങാതെ ഭരണകൂടത്തിനു നേർക്ക് വിരൽ ചൂണ്ടുന്നു. സർവകലാശാലകൾ സമര രംഗത്തിറങ്ങിയതിനു പിന്നിൽ രാജ്യ തലസ്ഥാനത്തെ ജാമിഅ മില്ലിയയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. അവിടുത്തെ വിദ്യാർത്ഥികളാണ് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്തിറങ്ങിയത്. പിന്നാലെയാണ് ഇവരോട് ഐകദാർഡ്യം പ്രഖ്യാപിച്ച് രാജ്യത്തുടനീളമുള്ള സർവകലാശാലകൾ മുഷ്ടി ചുരുട്ടി സമര രംഗത്ത് അണിനിരന്നത്.

പ്രതിഷേധങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ മറു വശത്ത് വ്യാജ വാർത്തകളുടെ കുത്തൊഴുക്കാണ്. പ്രതിഷേധങ്ങൾക്ക് തുടക്കമിട്ട ജാമിഅ മില്ലിയ സർവകലാശാലയിൽ നിന്ന് ആയുധശേഖരം കണ്ടെടുത്തു എന്ന വ്യാജവാർത്തയായിരുന്നു ഇവയിൽ പ്രധാനപ്പെട്ടത്.

രണ്ട് ചിത്രങ്ങൾ ചേർത്തു വെച്ച് ‘ജാമിയ മിലിയ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ആയുധശേഖരം’ എന്ന തലക്കെട്ടോടെ പദ്മനാഭ ശർമ്മ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. രണ്ടായിരത്തിലധികം ആളുകൾ പോസ്റ്റ് ഷെയർ ചെയ്യുകയും 470ൽ പരം ആളുകൾ റിയാക്ട് ചെയ്യുകയും ചെയ്ത ഈ പോസ്റ്റ് തീവ്ര വലതു പക്ഷ ഇടങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാൽ എന്താണ് ഈ ചിത്രങ്ങൾക്കു പിന്നിലെ യാഥാർത്ഥ്യം?

പോസ്റ്റിലുള്ള ആദ്യത്തെ ചിത്രം ഇതാണ്. 2017 മെയ് 22ന് പാകിസ്താൻ മാധ്യമമായ ‘ഡോണി’ൽ വന്ന ഒരു വാർത്തയുടെ ഫീച്ചർ ചിത്രമാണിത്. പാകിസ്താനിലെ മർദാനിലുള്ള അബ്ദുൽ വലി ഖാൻ സർവകലാശാല ഹോസ്റ്റലിൽ നിന്ന് പൊലീസ് കണ്ടെടുത്ത ആയുധങ്ങളാണ് ചിത്രത്തിൽ. സർവകലാശാലയിലെ മഷൽ ഖാൻ എന്ന വിദ്യാർത്ഥി ആൾകൂട്ടാക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ടതിന് 40 ദിവസങ്ങൾക്കു ശേഷം സർവകലാശാല തുറന്നപ്പോൾ പൊലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ആയുധങ്ങളാണിതെന്ന് ‘ഡോൺ’ വാർത്തയിൽ പറയുന്നു.

വാർത്ത ലിങ്ക്: https://www.dawn.com/news/1334694?fbclid=IwAR0O67FIaskcTGGR_kezrIukXR-csWnmZ4A7qjStzcLkvpA_1k-cvK_UHkY

ഇതാണ് രണ്ടാമത്തെ ചിത്രം. ഇതും പാകിസ്താനിൽ നിന്നുള്ള ചിത്രമാണ്. ’92 ന്യൂസ്’ എന്ന പാക് മാധ്യമം 10 മാസങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ച വാർത്തയിലാണ് ചിത്രമുള്ളത്. ഇസ്ലാമാബാദിൽ രണ്ട് സംഘങ്ങൾ തമ്മിലുള്ള തുറന്ന വെടിവെപ്പിനെക്കുറിച്ചുള്ള വാർത്തയാണിത്. ഇരു സംഘങ്ങളിലായി 15 പേരെ അറസ്റ്റ് ചെയ്ത പൊലീസ് അവരിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളാണിതെന്ന് വാർത്തയിൽ സൂചിപ്പിക്കുന്നു.

വാർത്ത ലിങ്ക്: https://92newshd.tv/15-suspect-held-for-opening-fire-in-islamabads-kutchery/amp/?fbclid=IwAR2Bwi-B-OoFQJqXJS34s_f8POPYzrmsQi3zSiPqkzKNJIgU5c3PgtnIjdY

രണ്ട് ചിത്രങ്ങളും പാകിസ്താനിൽ നിന്നുള്ളതാണ്. പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ രണ്ട് ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് കൃത്യമായ തെറ്റിദ്ധാരണ ഉണ്ടാക്കാനാണെന്നത് വ്യക്തം. ഫോട്ടോ ഡൗൺലോഡ് ചെയ്യാൻ അറിയാഞ്ഞിട്ടാണോ അതോ മനപൂർവമാണോ എന്നറിയില്ല, ഗൂഗിൾ സെർച്ച് ചെയ്ത് വന്ന ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകളാണ് പോസ്റ്റിലുള്ളത്. അതേ സമയം, പോസ്റ്റ് ഇയാൾ നീക്കം ചെയ്തിട്ടുണ്ട്.

Story Highlights: Citizenship Amendment Bill, Fake News, Fact Check, Jamia Millia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top