വയനാട് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ സംഭവം; അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ

വയനാട് ബീനാച്ചി ഗവൺമെന്റ് ഹൈസ്‌കൂളിൽ രണ്ടാം ക്ലാസുകാരന് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള. വിദ്യാർത്ഥിക്ക് പാമ്പുകടിയേൽക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കുമെന്നും കളക്ടർ അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് സുൽത്താൻ ബത്തേരി ബീനാച്ചി ഗവൺമെന്റ് ഹൈസ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റയ്ഹാന് സ്‌കൂൾ കോമ്പൗണ്ടിൽവച്ച് പാമ്പുകടിയേറ്റത്. മേപ്പാടി വിംസ് മെഡിക്കൽ കോളജിൽവച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കുട്ടിയെ എംഐസിയുവിലേക്ക് മാറ്റുകയും ആന്റിവെനം നൽകുകയും ചെയ്തു.
24 മണിക്കൂർ നിരീക്ഷണത്തിലുളള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാനായത് ഗുണകരമായെന്നും ഡോക്ടർമാർ പറയുന്നു.
story highlights- snake bite, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here