Advertisement

‘പൊലീസ് നടത്തിയത് നരനായാട്ട്’; തുറന്നുപറഞ്ഞ് ജാമിഅ മില്ലിയയിലെ വിദ്യാർത്ഥി

December 18, 2019
1 minute Read

ജാമിഅ മില്ലിയ സർവകലാശാലയിൽ പൊലീസ് നടത്തിയത് നരനായാട്ടെന്ന് രണ്ടാം വർഷ എംഎ വിദ്യാർത്ഥി ശ്രീദർശ്. വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചെന്ന് ശ്രീദർശ് പറഞ്ഞു. ക്യാമ്പസിന് അകത്തേയ്ക്ക് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് വിദ്യാർത്ഥികളെ ആക്രമിച്ചതെന്നും ശ്രീദർശ് ട്വന്റിഫോറിനോട് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാമിഅയിൽ പ്രതിഷേധത്തിന് തുടക്കമായതെന്ന് ശ്രീദർശ് പറഞ്ഞു. അധ്യാപകരായിരുന്നു ആദ്യം പ്രതിഷേധിച്ചത്. പിന്നാലെ വിദ്യാർത്ഥികൾ പ്രതിഷേധം ഏറ്റെടുത്തു. പ്രാദേശിക നേതാക്കളുടെ കൂടി പിന്തുണ ലഭിച്ചു സമാധാനപരമായി നടത്തിയ പ്രതിഷേധത്തെ പൊലീസ് അടിച്ചമർത്തുകയായിരുന്നു. പൊലീസ് ക്യാമ്പസിലേക്ക് അതിക്രമിച്ച് കയറിയാണ് അതിക്രമം കാട്ടിയത്. പല വിദ്യാർത്ഥികളും ലൈബ്രറിയിലും മറ്റും അഭയം തേടിയിരുന്നു. അവിടെയെത്തി പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചു. ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടികളേയും പൊലീസ് മർദിച്ചുവെന്നും ശ്രീദർശ് പറയുന്നു.

വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് വെടിയുതിർത്ത കാര്യവും ശ്രീദർശ് ചൂണ്ടിക്കാട്ടി. രണ്ട് വിദ്യാർത്ഥികൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നത് മറ്റൊന്നാണ്. വിദ്യാർത്ഥികൾ എന്ന പരിഗണന പോലും നൽകാതെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. പലർക്കും കൈ കാലുകൾക്ക് പൊട്ടലുണ്ട്. കാഴ്ച നഷ്ടപ്പെട്ടവരുണ്ട്. പലരുടേയും പരുക്ക് ഗുരുതരമാണെന്നും ശ്രീദർശ് വ്യക്തമാക്കി.

പല വിദ്യാർത്ഥികളേയും കാണാതായിരുന്നു. വിദ്യാർത്ഥികൾ എവിടെയാണെന്ന് പോലും അറിയാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. മലയാളികളെ മിക്കവരേയും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിലേക്ക് പോയവരെ പോലും പൊലീസ് തടഞ്ഞു. പ്രതികരണ ശേഷിയുള്ള വിദ്യാർത്ഥികളെ അടിച്ചമർത്തുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും ശ്രീദർശ് കൂട്ടിച്ചേർത്തു.

story highlights- jamia millia, protest, citizenship amendment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top