കേരളവർമ കോളജ് സംഘർഷം: എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

തൃശൂർ കേരളവർമ കോളജിൽ ഉണ്ടായ സംഘർഷത്തിൽ ഇരുപതോളം എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. ഇന്നലെയുണ്ടായ സംഘർഷത്തിൽ മൂന്ന് എബി വിപി പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു. പരുക്ക് പറ്റിയവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കോളജിൽ എബിവിപി ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സെമിനാർ നടത്താൻ നടത്തിയ നീക്കവുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ എബിവിപി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ദേശീയ നിർവാഹക സമിതിയംഗം വരുൺ പ്രസാദ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ ഒമ്പതരയോട് കൂടിയാണ് സംഭവം നടന്നത്. പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായി പ്രകടനം നടത്തി എന്നരോപിച്ചാണ് എസ്എഫ്‌ഐക്കാർ എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ചത്.
തങ്ങളുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായി ഒന്നും ഉണ്ടായില്ലെന്ന് എബിവിപി പ്രവർത്തകർ പറയുന്നു. അധ്യാപകർക്ക് പോലും മർദനമേൽക്കുന്ന സാഹചര്യമുണ്ടായി. പക്ഷെ അവർക്ക് വരെ പുറത്ത് പറയാൻ ഭയമാണെന്നും അധ്യാപക സംഘടനകൾ എസ്എഫ്‌ഐക്ക് കൂട്ടുനിൽക്കുന്നുവെന്നും എബിവിപി ആരോപിക്കുന്നു.
sfi, keralavarma college thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here