വ്യക്തിഗത ആദായനികുതി നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ

വ്യക്തിഗത ആദായനികുതി നിരക്കുകളിൽ കുറവ് വരുത്താൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. അടുത്ത വർഷം ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലാകും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക. ജനങ്ങളുടെ കൈകളിൽ ഉള്ള പണം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
സാമ്പത്തിക വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞ സാഹചര്യമാണ് രാജ്യത്തുള്ളത്. നിലവിൽ 4.5 ശതമാനത്തിൽ വളർച്ചാ നിരക്ക് എത്തി നിൽക്കുന്നു. സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാനുള്ള മാർഗങ്ങളിലൊന്ന് എന്ന നിലയിലാണ് സർക്കാർ ആദായനികുതി നിരക്കുകളിൽ കുറവ് വരുത്താൻ പദ്ധതിയിടുന്നത്.
ദീർഘകാലാടിസ്ഥാനത്തിൽ ഓഹരി നിക്ഷേപം വർധിപ്പിക്കുന്നതിന് വ്യക്തിഗത ആദായ നികുതിയിൽ ഇളവ് വരുത്തുന്നത് സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ വ്യക്തിഗത ആദായനികുതി നിരക്കുകളിൽ കുറവ് വരുത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി നടത്തും. ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് അനൗദ്യോഗികമായി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
രാജ്യത്ത് സാമ്പത്തിക സേവനങ്ങളിലേർപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് കൂടുതൽ സഹായങ്ങൾ നൽകണോയെന്ന കാര്യത്തിലും അനുകൂല പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകും. നേരത്തെ ബാങ്കിംഗ് മേഖലയിലേക്ക് വൻതോതിൽ ഫണ്ട് ഒഴുക്കിയിരുന്നു കേന്ദ്ര സർക്കാർ. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ബാങ്കുകൾ വായ്പ നൽകുന്നതിൽ നിന്നും പിന്നോക്കം പോകാൻ തുടങ്ങിയപ്പോഴായിരുന്നു ഇത്. സ്വകാര്യ നിക്ഷേപങ്ങൾ ഉയർത്താനായി ഇറക്കുമതി തീരുവകൾ കൂട്ടണമെന്ന നിർദേശവും സർക്കാറിന്റെ ഫയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here