മാധ്യമ പ്രവര്‍ത്തകരുടെ കസ്റ്റഡി; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ജനം ടിവി

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ജനം ടിവി. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും വ്യാജ മാധ്യമപ്രവര്‍ത്തകരാണ് പിടിയിലായിരിക്കുന്നതെന്നും ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. രേഖകള്‍ പരിശോധിച്ച് വിട്ടയക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് ഇവരെ വിട്ടയച്ചിട്ടില്ല.
ട്വന്റിഫോര്‍ കാസര്‍ഗോഡ് ബ്യൂറോ റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടി എന്നിവരും ഏഷ്യാനെറ്റ്, മീഡിയാവണ്‍, ന്യൂസ് 18 അടക്കമുള്ള സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. കാമറയടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. മൊബൈല്‍ പോലും ഉപയോഗിക്കാന്‍ സമ്മതിക്കുന്നില്ല. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് മുമ്പിലാണ് പത്രപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നത്. ഇവിടെനിന്നാണ് മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ശക്തമായ പ്രതിഷേധമായിരുന്നു ഇന്നലെ മംഗളൂരുവിലുണ്ടായത്. ഇതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ മംഗളൂരുവിലെത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി വന്‍പ്രതിഷേധമുണ്ടാകുന്ന സാഹചര്യത്തില്‍ മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മുമ്പ് അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമാണ് കര്‍ഫ്യൂ ഉണ്ടായിരുന്നത്. കര്‍ണാടകയിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കലബുറഗി, മൈസൂരു, ഹാസന്‍, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളില്‍ കൂടുതല്‍ പൊലീസ് വിന്യസമുണ്ട്. എഡിജിപി ബി ദയാനന്ദ് നഗരത്തിലെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here