പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഉത്തർപ്രദേശിൽ മരണപ്പെട്ടവരിൽ എട്ട് വയസുകാരനും

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ മരണപ്പെട്ടവരിൽ എട്ട് വയസുകാരനും. പൊലീസ് നടപടിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് വാരാണസിയിൽ കുട്ടി മരിച്ചത്. മീററ്റിൽ നാല് പേർ കൊല്ലപ്പെട്ടു. മറ്റിടങ്ങളിൽ ആറ് പേർ മരണപ്പെട്ടുവെന്നും പൊലീസ്. ആകെ മരണം 11 ആയിട്ടുണ്ട്. ആറ് പൊലീസുകാർക്കും വെടിയേറ്റു. ഒരാളുടെ നില ഗുരുതരമെന്ന് പൊലീസ് വ്യക്തമാക്കി. ഗൊരഖ്പൂരിൽ സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
രാംപുരിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മൊറാദാബാദിൽ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. മേഖലയിൽ കർഫ്യു പ്രഖ്യാപിച്ചു. പ്രയാഗ്‌രാജിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. നൂറ് പേർക്കെതിരെയാണ് കേസെടുത്തത്. 144 ലംഘിച്ചതിന് പതിനായിരം പേർക്കെതിരെ പ്രത്യേക എഫ്ഐആറും രജിസ്റ്റർ ചെയ്തു. മീററ്റിലാണ് മരണങ്ങൾ ഏറെയും.ഫിറോസാബാദ്, കാൺപൂർ, ബിജ്‌നോർ, സംഭാൽ, ബുലന്ദ്ഷഹർ തുടങ്ങിയ മേഖലകളിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കാൻ അതത് സ്ഥലത്തെ പൊലീസ് ഉന്നതർക്ക് നിർദേശം നൽകിയതായി ഉത്തർപ്രദേശ് ഡിജിപി ഒപി സിംഗ് പറഞ്ഞു. പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഡിജിപി വ്യക്‌തമാക്കി.
പ്രയാഗ്‌രാജിൽ നൂറ്റിയൻപത് പേരെ കരുതൽ തടങ്കലിലാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവർണർ ആനന്ദി ബെൻ പട്ടേലുമായി കൂടിക്കാഴ്ച നടത്തി.
Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ബിനോയ് വിശ്വം മംഗളൂരു പൊലീസ് കസ്റ്റഡിയിൽ
സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത ജാഗ്രതാ നിർദേശമുണ്ട്. മീററ്റ് അടക്കമുള്ള പട്ടണങ്ങളിൽ റെഡ് അലേർട്ടാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
അതേസമയം, ഡൽഹി ദരിയാഗഞ്ചിൽ ഇന്നലെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പത്ത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞയുണ്ട്. ജബൽപൂരിൽ ഇന്റർനെറ്റ് സേവനം തടസപ്പെടുത്തും. ഇന്നലെ 44 ജില്ലകളിലായിരുന്നു നിരോധനാജ്ഞ. തെക്കൻ സംസ്ഥാനങ്ങളിലും പ്രക്ഷോഭം കനത്തു.
anti caa protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here