Advertisement

അടിയോടടി: പുരാനും പൊള്ളാർഡിനും അർധസെഞ്ചുറി; വിൻഡീസിന് കൂറ്റൻ സ്കോർ

December 22, 2019
Google News 1 minute Read

ഇന്ത്യക്കെതിരായ അവസാന ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 315 റൺസാണ് വിൻഡീസ് കണ്ടെത്തിയത്. വിൻഡീസിനായി ബാറ്റെടുത്തവെരെല്ലാം ഇരട്ടയക്കം കുറിച്ചു. 89 റൺസെടുത്ത നിക്കോളാസ് പൂറനാണ് അവരുടെ ടോപ്പ് സ്കോറർ. കീറോൺ പൊള്ളാർഡ് 74 റൺസ് നേടി. ഷായ് ഹോപ്പ് (42), റോസ്റ്റൺ ചേസ് (38), ഷിംറോൺ ഹെട്മയർ (37) തുടങ്ങിയവരൊക്കെ വിൻഡീസിനായി മികച്ച പ്രകടനം പുറത്തെടുത്തു.

സാവധാനത്തിലാണ് വിൻഡീസ് തുടങ്ങിയത്. എവിൻ ലൂയിസും ഷായ് ഹോപ്പും ചേർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 57 റൺസ് കൂട്ടിച്ചേർത്തെങ്കിലും അതിന് 15 ഓവറുകൾ വേണ്ടി വന്നു. 14ആം ഓവറിലെ അവസാന പന്തിലാണ് അവരുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 21 റൺസെടുത്ത ലൂയിസിനെ നവദീപ് സെയ്നിയുടെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഈ വിക്കറ്റിനു പിന്നാലെ റോസ്റ്റൺ ചേസ് ക്രീസിലെത്തി. ഇതോടെ സ്കോറിംഗ് റേറ്റ് വർധിച്ചു.

20ആം ഓവറിൽ ഷായ് ഹോപ്പിനെ (42) ക്ലീൻ ബൗൾഡാക്കിയ മുഹമ്മദ് ഷമി ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചെങ്കിലും മൂന്നാം വിക്കറ്റിൽ റോസ്റ്റൺ ചേസിനൊപ്പം ചേർന്ന ഷിംറോൺ ഹെട്മയർ കട്ടക്കിലെ ബൗളിംഗ് പിച്ചിൽ കൂറ്റൻ ഷോട്ടുകളുമായി ഇന്ത്യൻ ബൗളർമാരെ വിറപ്പിച്ചു. റോസ്റ്റൺ ചേസിൻ്റെ പിന്തുണയോടെ തകർത്തടിച്ച് മുന്നേറിയ ഹെട്‌മയർ നവദീപ് സെയ്നിക്ക് ആദ്യ ഏകദിന വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. 33 പന്തുകളിൽ 37 റൺസെടുത്ത ഹെട്‌മയറെ കുൽദീപ് യാദവാണ് പിടികൂടിയത്. 29ആം ഓവറിലെ രണ്ടാം പന്തിൽ ഹെട്മയറിമ്നെയും 31ആം ഓവറിലെ മൂന്നാം പന്തിൽ റോസ്റ്റൺ ചേസിനെയും (38) പുറത്താക്കിയ സെയ്നി വിക്കറ്റ് നേട്ടം രണ്ടാക്കി ഉയർത്തി.

അഞ്ചാം വിക്കറ്റിലായിരുന്നു വിൻഡീസ് ഗിയർ മാറ്റിയത്. ക്രീസിൽ ഒത്തു ചേർന്ന കീറോൺ പൊള്ളാർഡും നിക്കോളാസ് പുരാനും ചേർന്ന് ഇന്ത്യൻ ബൗളർമാരെ തല്ലിച്ചതച്ചു. വെറും 43 പന്തുകളിൽ പുരാൻ അർധസെഞ്ചുറി കുറിച്ചു. 48ആം ഓവറിൽ പുരാൻ പുറത്തായി. വെറും 64 പന്തുകളിൽ 10 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 89 റൺസ് നേടിയ പുരാൻ ഷർദുൽ താക്കൂറിൻ്റെ പന്തിൽ രവീന്ദ്ര ജഡേജക്ക് പിടികൊടുത്താണ് മടങ്ങിയത്. 32ആം ഓവറിൽ പൊള്ളാർഡിനൊപ്പം അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന പുരാൻ 135 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമാണ് മടങ്ങിയത്. അതും വെറും 98 പന്തുകളിൽ!

ഇതിനിടെ 44 പന്തുകളിൽ പൊള്ളാർഡും തൻ്റെ അർധശതകം കുറിച്ചു. അവസാന ഓവറുകളിൽ ജേസൻ ഹോൾഡറിനൊപ്പം ചേർന്ന് കൂറ്റൻ ഷോട്ടുകളുതിർത്ത പൊള്ളാർഡ് വിൻഡീസിനെ 300 കടത്തി. അവസാന അഞ്ച് ഓവറുകളിൽ 77 റൺസാണ് വിൻഡീസ് അടിച്ചു കൂട്ടിയത്. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 51 പന്തുകളിൽ മൂന്ന് ബൗണ്ടറികളും ഏഴ് സിക്സറുകളും സഹിതം 74 റൺസെടുത്ത  പൊള്ളാർഡും 7 റൺസെടുത്ത ഹോൾഡറും പുറത്താവാതെ നിന്നു.

Story Highlights: India, West Indies, Cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here