‘എൻആർസി സംബന്ധിയായ ചർച്ചകൾ നടന്നിട്ടില്ല’; നിലപാട് മാറ്റി അമിത് ഷാ

ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ നിയമഭേദഗതിക്കെതിരെയും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കവേ നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററിനെപ്പറ്റി (എൻആർസി) യുള്ള ചർച്ചകൾ നടക്കുന്നില്ലെന്നും ദേശീയ പൗരത്വ രജിസ്റ്റർ ദേശവ്യാപകമല്ലെന്നും അമിത് ഷാ പറഞ്ഞു. ന്യൂസ് ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇപ്രകാരം വിശദീകരിച്ചത്.
“രാജ്യവ്യാപകമായി എൻആർസി നടപ്പാക്കുന്നതിനെപ്പറ്റി ഇപ്പോൾ ചർച്ചകൾ നടത്തേണ്ടതില്ല. കാരണം അത്തരത്തിലൊരു തീരുമാനമില്ല. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമല്ല. ഇക്കാര്യത്തിൽ പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. കാബിനറ്റിലോ പാർലമെൻ്റിലോ വിഷയസംബന്ധിയായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല”- ഷാ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹി രാംലീല മൈതാനത്തിൽ വെച്ച് നടത്തിയ പ്രഭാഷണത്തിനിടെയാണ് ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് തങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് മോദി അവകാശപ്പെട്ടത്. ദേശീയ പൗരത്വ രജിസ്റ്റർ അസമിലേക്ക് വേണ്ടി മാത്രമുള്ളതാണെന്നും മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ പിന്തുണച്ചു കൊണ്ടാണ് അമിത് ഷാ നിലപാട് മാറ്റിയത്.
നവംബർ 20ന്, ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻ്റിൽ പറഞ്ഞിരുന്നു. അസമിൽ സുപ്രിം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇത് നടക്കുന്നതെന്നും ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും ഷാ പറഞ്ഞിരുന്നു. ഒപ്പം ജാർഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഷാ ഇത് ആവർത്തിച്ചു. ഇത് മറച്ചു വെക്കുന്നതാണ് ഇരുവരുടെയും പ്രസ്താവന.
അതേ സമയം, എൻപിആറും (ദേശീയ ജനസംഖ്യാ രജിസ്റ്റർ) എൻആർസിയും തമ്മിൽ ബന്ധമൊന്നും ഇല്ലെന്നും അമിത് ഷാ പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്ററിനു വേണ്ടി സ്വീകരിക്കുന്ന വിവരങ്ങൾ ഒരു കാരണവശാലും പൗരത്വ രജിസ്റ്ററിനു വേണ്ടി ഉപയോഗിക്കില്ലെന്നും ഷാ പറഞ്ഞു. കേരളവും ബംഗാളും ജനസംഖ്യാ രജിസ്റ്ററിനോട് സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരിച്ചില്ലെങ്കിൽ ഇനി വരുന്ന വികസന പ്രവർത്തനങ്ങളിൽ നിന്ന് ഇരു സംസ്ഥാനങ്ങളെയും ഒഴിവാക്കുമെന്നും അമിത് ഷാ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here