സജിതയ്ക്ക് വീടൊരുക്കാൻ സഹായവുമായി ജില്ലാ ഭരണകൂടം; നടപടികൾ വേഗത്തിലാക്കുമെന്ന് ഉറപ്പ്

വയനാട് ചീരാലിലെ ഒറ്റമുറി വീട്ടിൽ കഴിയുന്ന സജിതയുടെ കുടുംബത്തിന് വീട് വയ്ക്കാൻ ഭൂമി സ്വന്തം പേരിലേക്ക് മാറ്റുന്ന കാര്യത്തിൽ വേഗത്തിൽ നടപടി ഉറപ്പാക്കുമെന്ന് ജില്ല ഭരണകൂടം. അമ്മയുടെ പേരിലുളള ഭൂമി സ്വന്തം പേരിലേക്ക് മാറ്റാനാകാതെ സർക്കാർ സഹായങ്ങളിൽ നിന്ന് പോലും പിന്തളളപ്പെട്ട് നിൽക്കുകയായിരുന്നു സജിതയുടെ കുടുംബം. സജിതക്ക് വീട് നിർമിച്ച് നൽകുമെന്ന് ട്വന്റിഫോർ ചെയർമാൻ ആലുങ്കൽ മുഹമ്മദ് ഇന്നലെ ഉറപ്പ് നൽകിയിരുന്നു.
ഇന്നലെയാണ് വയനാട് ചീരാൽ മഞ്ഞക്കുന്നിലെ ഒറ്റമുറി വീട്ടിൽ കഴിയുന്ന സജിതയുടെയും 15വയസുകാരിയായ മകളുടെയും ദുരവസ്ഥയെക്കുറിച്ച് ട്വന്റിഫോർ വാർത്ത നൽകിയത്. ഇതിന് പിന്നാലെ കുടുംബത്തിന് വീട് വച്ച് നൽകാൻ സന്നദ്ധനായി ട്വന്റിഫോർ ചെയർമാൻ ആലുങ്കൽ മുഹമ്മദ് രംഗത്തെത്തുകയായിരുന്നു. വാർത്തയറിഞ്ഞ് വാർഡ് മെമ്പർ ഉൾപ്പെടെയുളളവരും സജിതയുടെ വീട്ടിലെത്തി. ജില്ലാ കളക്ടറും ഇക്കാര്യത്തിൽ നടപടി ഉറപ്പാക്കിയിട്ടുണ്ട്. സജിതയ്ക്ക് അമ്മ നൽകാൻ തയ്യാറായ ഭൂമി സ്വന്തം പേരിലേക്ക് മാറ്റുന്ന കാര്യത്തിൽ ജില്ല ഭരണകൂടം പ്രത്യേക പരിഗണന നൽകി നടപടി വേഗത്തിലാക്കും. സജിതയ്ക്ക് അടച്ചുറപ്പുളള വീട് ട്വന്റിഫോർ ചെയർമാൻ ആലുങ്കൽ മുഹമ്മദ് നിർമിച്ച് നൽകും.
അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി സജിതയും മകളും താമസിച്ച് വരികയാണ്. സ്വന്തം പേരിൽ ഭൂമി ഇല്ലാത്തതിനാൽ സർക്കാർ സഹായങ്ങളും ഇവർക്ക് ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് ട്വന്റിഫോർ വാർത്ത കുടുംബത്തിന് തുണയായത്.
story highlights- sajitha, help, kouse, alunkal muhammad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here