Advertisement

കുടിയൊഴിപ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വീടും സ്ഥലവും നല്‍കിയില്ല; നഗരസഭയ്ക്കു മുന്നില്‍ പ്രതിഷേധവുമായി വയോധികയും കുടുംബവും

December 24, 2019
0 minutes Read

പുനരധിവസിപ്പിക്കാമെന്ന് ഉറപ്പ് നല്‍കി കുടിയൊഴിപ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വീടും സ്ഥലവും നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊണ്ണൂറ്റേഴുകാരിയും കുടുംബവും നഗരസഭ കൗണ്‍സില്‍ ഹാളിനു മുന്നില്‍ പായ വിരിച്ചു കിടന്ന് പ്രതിഷേധിച്ചു. തൊടുപുഴ നഗരസഭയിലാണ് വൃദ്ധയുടെയും മക്കളുടെയും പ്രതിഷേധ സമരം നടന്നത്.

തൊടുപുഴ പട്ടയംകവല പുതുപ്പാടി സൈനബ അബ്ദുല്‍കരീമും കുടുംബാംഗങ്ങളുമാണ് തൊടുപുഴ നഗരസഭാ ഹാളിനു മുന്നില്‍ പായ വിരിച്ചു കിടന്ന് പ്രതിഷേധിച്ചത്. പ്രായത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന സൈനബയും മകള്‍ ആയിഷയും, ആയിഷയുടെ മകളും അവരുടെ രണ്ട് കുട്ടികളും കഴിഞ്ഞ രണ്ട് വര്‍ഷമായി പട്ടയംകവലയിലെ സാംസ്‌കാരിക നിലയത്തിലാണ് താമസിക്കുന്നത്. ഇവരെ പുനഃരധിവസിപ്പിക്കുന്നതില്‍ തൊടുപുഴ മുനിസിപ്പാലിറ്റി അലംഭാവം കാണിക്കുന്നതായാണ് ആരോപണം.

സൈനബയും കുടുംബവും പുറമ്പോക്കില്‍ അപകടാവസ്ഥയിലാണ് താമസിക്കുന്നതെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമീപവാസിയാണ് ഹൈക്കോടതിക്ക് പരാതി നല്‍കിയത്. ഹൈക്കോടതി ഇവരെ ഒഴിപ്പിച്ച് പുനഃരധിവസിപ്പിക്കാന്‍ നഗരസഭയോട് ഉത്തരവിട്ടു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സ്ഥലവും വീടും നല്‍കാനുള്ള നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പന്ത്രണ്ട് സെന്റ് സ്ഥലത്തിന് പകരമായി നാല് സെന്റ് സ്ഥലവും വീടും നല്‍കാമെന്ന് മുനിസിപ്പാലിറ്റി ഉറപ്പ് തന്നിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഇനിയും തുടര്‍ നടപടിയുണ്ടായില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നും ഇവര്‍ പറയുന്നു. അതേസമയം ഈ വിഷയത്തില്‍ അടിയന്തര നടപടിയെടുക്കുവാന്‍ നഗരസഭ സെക്രട്ടറിയോട് നിര്‍ദേശിച്ചതായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top