ഇന്നത്തെ പ്രധാന വാർത്തകൾ (24.12.2019)

പൗരത്വ നിയമഭേദഗതി; മാഹിയിൽ വെള്ളിയാഴ്ച ഹർത്താൽ
പൗരത്വ നിയഭേദഗതിക്കെതിരെ മാഹിയിൽ വെള്ളിയാഴ്ച സംയുക്ത ഹർത്താൽ. കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് എന്നീ പാർട്ടി നേതാക്കൾ മാഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
‘എൻആർസി സംബന്ധിയായ ചർച്ചകൾ നടന്നിട്ടില്ല’; നിലപാട് മാറ്റി അമിത് ഷാ
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ നിയമഭേദഗതിക്കെതിരെയും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കവേ നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററിനെപ്പറ്റി (എൻആർസി) യുള്ള ചർച്ചകൾ നടക്കുന്നില്ലെന്നും ദേശീയ പൗരത്വ രജിസ്റ്റർ ദേശവ്യാപകമല്ലെന്നും അമിത് ഷാ പറഞ്ഞു. ന്യൂസ് ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇപ്രകാരം വിശദീകരിച്ചത്.
മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ നിര്‍ദേശം
പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്കി. വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് ഇറക്കിയത്.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസ്, ജില്ലാ ഭരണകൂടം, രാഷ്ട്രീയ നേതാക്കള്‍, ക്ഷേത്ര കമ്മിറ്റി, വെടിക്കെട്ട് കരാറുകാര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട്. കൊല്ലം മുന്‍ എംപി പീതാംബരക്കുറിപ്പിനെതിരെയും പരാമര്‍ശമുണ്ട്. വെടിക്കെട്ടിന് അനധികൃതമായി അനുമതി വാങ്ങിനല്‍കിയത് പീതാംബരക്കുറുപ്പ് ആണ്. വെടിക്കോപ്പുകള്‍ പരിശോധിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും പൊലീസ് വീഴ്ച ശ്രദ്ധയില്‍പ്പെട്ടിട്ടും സ്ഥലം സന്ദര്‍ശിച്ച എസിപി നടപടി സ്വീകരിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ജസ്റ്റീസ് പി എസ് ഗോപിനാഥന് കമ്മിറ്റിയുടേതാണ് റിപ്പോര്‍ട്ട്.
‘ഒന്നിച്ച് നിൽക്കണം’; ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും മുതിർന്ന നേതാക്കൾക്കും മമതാ ബാനർജിയുടെ കത്ത്
ബിജെപി സർക്കാരിൽ നിന്ന് രാജ്യം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്ന് കാണിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കത്ത്. ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കുമാണ് മമതാ ബാനർജി കത്തെഴുതിയത്. രാജ്യത്തെ ജനങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ യോജിച്ച് നിൽക്കണമെന്ന് മമത കത്തിൽ ചൂണ്ടിക്കാട്ടി.
ഹാരിസൺ കേസുകളുടെ മേൽനോട്ടത്തിന് പ്രത്യേക സെൽ രൂപീകരിക്കാൻ റവന്യൂ വകുപ്പിന്റെ തീരുമാനം
ഹാരിസൺ കേസുകളുടെ നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി പ്രത്യേക സെൽ രൂപീകരിക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാൻ ജില്ലാ കളക്ടർമാർ സിവിൽ കോടതിയിൽ കേസുകൾ നൽകിയിട്ടുള്ള സാഹചര്യത്തിലാണിത്. കേസുകൾ പരാജയപ്പെടാതിരിക്കാനുള്ള മുൻ കരുതലെടുക്കുകയും കേസ് നടത്തിപ്പിൽ ഫലപ്രദമായി ഇടപെടുകയുമാണ് പ്രത്യേക സെല്ലിന്റെ ലക്ഷ്യം. ട്വന്റിഫോർ എക്സ്ക്ലൂസീവ്.
മംഗളൂരുവിൽ നിരോധനാജ്ഞ പിൻവലിച്ചു
മംഗളൂരുവിൽ നിരോധനാജ്ഞ പിൻവലിച്ചു. പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 18നായിരുന്നു മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങൾക്ക് അയവ് വന്നതോടെയാണ് ക്രിസ്തുമസ് ആഘോഷങ്ങൾ കൂടി കണക്കിലെടുത്ത് നിരോധനാജ്ഞ പിൻവലിക്കാൻ പൊലീസ്
തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here