വലയ സൂര്യഗ്രഹണം നിരീക്ഷിക്കാനുള്ള അവസരമുപയോഗിക്കണം; മുഖ്യമന്ത്രി

ശാസ്ത്രീയമായ അറിവുകള്‍ നേടാനും മറ്റുള്ളവരുമായി പങ്കു വയ്ക്കാനും ലഭിക്കുന്ന അസുലഭാവസരമാണ് ഡിസംബര്‍ 26 ലെ സൂര്യഗ്രഹണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധി കേന്ദ്രങ്ങളില്‍ സൂര്യഗ്രഹണം നിരീക്ഷിക്കാനുള്ള അവസരമൊരുക്കി വരികയാണ്. പരമാവധി ആളുകള്‍ ആ സൗകര്യങ്ങള്‍ ഉപയോഗിച്ചു ഗ്രഹണം കാണണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അറിവാണ് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതും അതിനെ പുരോഗതിയിലേയ്ക്ക് നയിക്കുന്നതും. ആധുനിക ശാസ്ത്രാവബോധം വേണ്ടത്ര ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഒരുപാട് അന്ധവിശ്വാസങ്ങള്‍ ഗ്രഹണത്തെ ചുറ്റിപ്പറ്റി പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഗ്രഹണ സമയത്ത് ഭയത്തോടെ മനുഷ്യര്‍ വീടുകള്‍ക്കകത്ത് അടച്ചിരുന്നിരുന്ന ആ കാലം അത്ര വിദൂരമായിരുന്നില്ല. ഇന്നും അത്തരം ധാരണകള്‍ ഒരു പരിധിവരെയെങ്കിലും നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.
ശാസ്ത്രസാങ്കേതിക വിദ്യകള്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ പുരോഗമിക്കുന്ന ഇക്കാലത്തും ഇതുപോലെയുള്ള അന്ധവിശ്വാസങ്ങള്‍ വിട്ടുപോയിട്ടില്ല എന്ന വിരോധാഭാസം ആധുനിക കേരളസമൂഹത്തിന്റെ അലട്ടലായി മാറേണ്ടതാണ്. അതിനാല്‍ ഈ സൂര്യഗ്രഹണം നമുക്ക് മുന്‍പില്‍ തുറക്കുന്നത് ഒരു വലിയ സാധ്യതയാണ്. ഈ പ്രാപഞ്ചിക പ്രതിഭാസത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ വിദഗ്ധര്‍ പങ്കു വയ്ക്കും. വിദഗ്ധരോട് ചോദ്യങ്ങള്‍ ചോദിച്ചും സംവദിച്ചും ഈ സാധ്യത എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights- solar eclipse; The Chief Minister, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here