യുപി പൊലീസ് അലിഗഡ് വിദ്യാർത്ഥികളെ ആക്രമിച്ചത് ജയ് ശ്രീറാം വിളിച്ചു കൊണ്ടെന്ന് റിപ്പോർട്ട്

പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച ഉത്തർപ്രദേശ് അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥികളെ ഉത്തർപ്രദേശ് പൊലീസ് ആക്രമിച്ചത് ജയ് ശ്രീറാം വിളിച്ചു കൊണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൾച്ചറൽ ഫോറവും കാരവാൻ-ഏ- മൊഹബതും ചേർന്ന് തയ്യാറാക്കിയ ഒരു റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഉള്ളത്. ജയ് ശ്രീറാം വിളിച്ചു കൊണ്ട് പൊലീസ് വിദ്യാർത്ഥികളെ ആക്രമിച്ചു എന്നും വാഹനങ്ങൾക്കും മറ്റും തീയിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധവുമായി നിരത്തിലിറങ്ങിയ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് സ്റ്റൺ ഗണ്ണുകൾ പ്രയോഗിച്ചു. വിദ്യാർത്ഥികൾ എന്ന പരിഗണന നൽകാതെ തീവ്രവാദികളെ നേരിടുന്നതു പോലെയായിരുന്നു പൊലീസിൻ്റെ ആക്രമണം. പൊലീസുകാർ വിദ്യാർത്ഥികൾക്കു നേരെ തീവ്രവാദി എന്നർത്ഥം വരുന്ന വാക്കുകൾ പ്രയോഗിച്ചു. റബ്ബർ ബുള്ളറ്റുകളും സ്റ്റൺ ഗണ്ണുകളും കണ്ണീർ വാതകങ്ങളും സൗണ്ട് ബോംബുകളും ലാത്തികളും വിദ്യാർത്ഥികളെ ഇവർ ഉപയോഗിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം, സർവകലാശാല ഇത്തരം അതിക്രമങ്ങൾക്കു നേരെ കൺനടക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.പരാതി നൽകുന്ന വിദ്യാർത്ഥികളെ കോളജിൽ നിന്ന് പുറത്താക്കുമെന്നും ദേശീയ സുരക്ഷാ നിയമം ഉൾപ്പെടെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തുമെന്ന് കോളജ് അധികൃതർ അറിയിച്ചുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഹർഷ് മന്ദർ, അക്കാദമിക് നന്ദിനി സുന്ദർ, അവകാശ പ്രവർത്തകൻ ജോണ് ദയാൽ, എഴുത്തുകാരൻ നതാഷ ബദ്വാർ എന്നിവർ ഉൾപ്പെട്ട 13 അംഗ സമിതിയാണു റിപ്പോർട്ട് തയാറാക്കിയത്. സംഭവ സമയത്ത് കാമ്പസിലുണ്ടായിരുന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴി, ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റും മൊഴി, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയ വിവരങ്ങൾ വെച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
എന്നാൽ അലിഗഡ് സിറ്റി എസ്പി അഭിഷേക് ഈ റിപ്പോർട്ട് തള്ളി. വിദ്യാർത്ഥികളാണ് അക്രമം നടത്തിയതെന്നും പൊലീസ് ആത്മരക്ഷയ്ക്കായി മിനിമം ഫോഴ്സ് ഉപയോഗിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
Story Highlights: Aligarh Muslim University, CAA, NRC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here