കഴിഞ്ഞ ദശകത്തിലെ മികച്ച ഐപിഎൽ ടീം; ധോണിയുണ്ട്, പക്ഷേ ക്യാപ്റ്റനല്ല

കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ഐപിഎൽ ടീം തെരഞ്ഞെടുത്ത് വിസ്ഡൻ മാഗസിൻ. കഴിഞ്ഞ 10 വർഷക്കാലം ഇന്ത്യ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയവരെ ഉൾപ്പെടുത്തിയാണ് വിസ്ഡൻ ടീമിനെ തെരഞ്ഞെടുത്തത്. മുൻ ഇന്ത്യൻ, ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി ടീമിൽ ഉണ്ടെങ്കിലും ക്യാപ്റ്റനല്ല എന്നതാണ് ടീമിൻ്റെ സവിശേഷത.
മുംബൈ ഇന്ത്യൻസ് നായകനും ഇന്ത്യയുടെ ഉപനായകനുമായ രോഹിത് ശർമ്മയാണ് ടീം ക്യാപ്റ്റൻ. രോഹിത് ശർമ്മ, എംഎസ് ധോണി എന്നിവരെക്കൂടാതെ ഇന്ത്യൻ ടീം നായകൻ വിരാട് കോലി, ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരാണ് ടീമിലെ ഇന്ത്യൻ താരങ്ങൾ.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കിംഗ്സ് ഇലവൻ പഞ്ചാബ് ടീമുകൾക്ക് വേണ്ടി കളിച്ച കരീബിയൻ സൂപ്പർ താരം ക്രിസ് ഗെയിലും, രോഹിത് ശർമ്മയുമാണ് ടീമിന്റെ ഓപ്പണർമാർ. ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന മൂന്നാം നമ്പറിലും ആർസിബി ക്യാപ്റ്റൻ വിരാട് കോലി നാലാമതുമെത്തും. ബാംഗ്ലൂരിൻ്റെ മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്, ചെന്നൈ നായകൻ എംഎസ് ധോണി എന്നിവർ അഞ്ചും ആറും നമ്പരുകളിലാണ്. രവീന്ദ്ര ജഡേജ, സുനിൽ നരൈൻ എന്നീ ബൗളിംഗ് ഓൾറൗണ്ടർമാരാണ് സ്പിൻ ഡിപ്പാർട്ട്മെൻ്റിലുള്ളത്. മുംബൈയുടെ ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗക്കൊപ്പം മുംബൈയുടെ തന്നെ ഇന്ത്യൻ താരം ജസ്പ്രിത് ബുംറയും സൺ റൈസേഴ്സിൻ്റെ ഇന്ത്യൻ താരം ഭുവനേശ്വർ കുമാറുമാണ് പേസ് ഡിപ്പാർട്ട്മെൻ്റ്. 12ആമനായി ചെന്നൈ, വിൻഡീസ് ഓൽറൗണ്ടർ ഡ്വെയിൻ ബ്രാവോയും ടീമിലുണ്ട്.
Story Highlights: Wisden, IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here