പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം; വിദ്യാർത്ഥി പ്രതിഷേധങ്ങൾ ഏകോപിപ്പിക്കാനൊരുങ്ങുന്നു

പൗരത്വ നിയമഭേദഗതിക്കെതിരായ വിദ്യാർത്ഥി പ്രതിഷേധങ്ങൾ ഏകോപിപ്പിക്കാനൊരുങ്ങുന്നു. വിദ്യാർത്ഥി സംഘടകളുടെ കൂട്ടായ്മയായ നാഷണൽ യങ് ഇന്ത്യ കോർഡിനേഷൻ ആന്റ് ക്യാമ്പയിനാണ് പ്രതിഷേധങ്ങൾ ഏകോപിപ്പിക്കാനൊരുങ്ങുന്നത്. 60ഓളം വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയാണ് നാഷണൽ യങ് ഇന്ത്യ കോർഡിനേഷൻ ആന്റ് ക്യാമ്പയിൻ.
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തെ കാമ്പസുകളിൽ ഒറ്റപ്പെട്ട് നടക്കുന്ന സമരങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് പുതിയ സംഘടനയുടെ ലക്ഷ്യം. എസ്എഫ്ഐ, എഐഎസ്എഫ്, എൻഎസ്യുഐ, ഐസ തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ, വിവിധ കാമ്പസുകളിലെ വിദ്യാർത്ഥി യൂണിയനുകൾ തുടങ്ങിയവ യങ്ങ് ഇന്ത്യ കോർഡിനേഷൻ ആന്റ് ക്യാമ്പയിന്റെ ഭാഗമാവും.
പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന തലത്തിൽ സബ് കമ്മറ്റികളുണ്ടാവും. തൊഴിലാളി സംഘടനകളുടെ ദേശീയ കൂട്ടായ്മ മാതൃകയിലാണ് വിദ്യാർത്ഥി സംഘടനകളെയും ഏകീകരിക്കുക. പുതിയ സംഘടന ജനുവരി ഒന്ന് അവകാശ സംരക്ഷണ ദിനമായി ആചരിക്കും.
പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി ജാമിഅ മില്ലിയയിലാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് അലിഗഡ് സർവകലാശാല, നദ്വത്തുൽ ഉലമ, വിവിധ ഐഐടികൾ, കുസാറ്റ്, ബനാറസ് സർവകലാശാല തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പടർന്നു.
അതേ സമയം, ലഖ്നൗവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാരല്ലാത്ത രണ്ട് കുട്ടികൾക്ക് വെടിയേറ്റു. പതിനേഴുകാരനായ മുഹമ്മദ് ഷമീമിനെയും പതിനഞ്ചുകാരനായ മുഹമ്മജ് ജീലാനിയെയുമാണ് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരും പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നില്ല.
Story Highlights: CAA, NRC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here