ലഖ്നൗവിൽ പ്രതിഷേധക്കാരല്ലാത്ത രണ്ട് കുട്ടികൾക്ക് വെടിയേറ്റതായി വെളിപ്പെടുത്തൽ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാരല്ലാത്ത രണ്ട് കുട്ടികൾക്ക് വെടിയേറ്റു. പതിനേഴുകാരനായ മുഹമ്മദ് ഷമീമിനെയും പതിനഞ്ചുകാരനായ മുഹമ്മജ് ജീലാനിയെയുമാണ് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ബന്ധുവിന്റെ വീട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജീലാനി. പ്രദേശത്ത് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെ കുറിച്ച് കുട്ടി അറിഞ്ഞിരുന്നില്ല. എന്നാൽ പെട്ടെന്ന് തന്നെ ബഹളം ഉണ്ടാവുകയും കല്ലുകൾ എറിയുന്നത് കാണുകയും ചെയ്തു. ജീലാനി സഞ്ചരിച്ച ഇ-ഓട്ടോറിക്ഷാ ഡ്രൈവർ ജീലാനിയോട് ഓട്ടോയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഓട്ടോയിൽ നിന്ന് ഇറങ്ങി ഓടി സുരക്ഷിത സ്ഥലത്തേക്ക് നീങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ വയറിന് താഴെ വെടിയേൽക്കുന്നത്. ബോധരഹിതനായ ജീലാനി കണ്ണ് തുറക്കുമ്പോൾ കെജിഎംയു ആശുപത്രിയിലായിരുന്നു.
ജീലാനിയുടെ അച്ഛൻ മുഹമ്മദ് നയീം ട്രക്ക് ഡ്രൈവറാണ്. മകന്റെ ചികിത്സയ്ക്കായി 35,000 രൂപ ഈ നിർധന കുടുംബം ഇതിനോടകം ചെലവാക്കി കഴിഞ്ഞു. പൊലീസ് ആശുപത്രിയിലെത്തി മകന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും തങ്ങൾ ഇസ്ലാം മത വിശ്വാസികളായതുകൊണ്ട് തങ്ങളെ അവഗണിക്കുകയാണെന്ന് പിതാവ് പറഞ്ഞു.
വെടിയേറ്റ മറ്റൊരു വിദ്യാർത്ഥി മുഹമ്മദ് ഷമീമാകട്ടെ സഹോദരിയുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വെടിയേറ്റത്. വെടികൊണ്ട് ചോരയൊലിക്കുന്ന വയറുമായി ഷമീം വീടുവരെ എത്തി. തുടർന്ന് അമ്മയോട് തനിക്ക് വെടിയേറ്റുവെന്ന് പറയുകയും കുടുംബം ഷമീമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
അതേസമയം, രണ്ട് കുട്ടികളും പ്രതിഷേധക്കാരിൽ പെട്ടവരല്ലെന്ന് ഠാക്കുർഗഞ്ജ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രമോദ് കുമാർ മിശ്ര പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
Story Highlights- Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here