Advertisement

‘സിനിമാക്കാർ ഇൻകം ടാക്സ് അടക്കാതിരിക്കുന്നുണ്ടോ എന്നറിയില്ല’; സന്ദീപ് വാര്യരെ തള്ളി ശോഭാ സുരേന്ദ്രൻ

December 26, 2019
2 minutes Read

സിനിമാക്കാർ ഇൻകം ടാക്സ് അടക്കാതിരിക്കുന്നുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധത്തിനിറങ്ങിയ സിനിമാ പ്രവർത്തകർക്കെതിരെ യുവമോർച്ച നേതാവ് സന്ദീപ് വാര്യർ കുറിച്ച ഫേസ്ബുക്ക് വിവാദമായ പശ്ചാത്തലത്തിലാണ് ശോഭാ സുരേന്ദ്രൻ്റെ പ്രതികരണം. താൻ ആ പോസ്റ്റ് കണ്ടിട്ടില്ലെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഞാൻ ആ സ്റ്റേറ്റ്മെൻ്റ് കണ്ടിട്ടില്ല. കേരളത്തിൽ എത്ര സിനിമാക്കാർ ഇൻകം ടാക്സ് അടക്കാത്തതുണ്ട് എന്ന് പരിശോധിക്കേണ്ട ബാധ്യത ബിജെപിക്കുള്ളതല്ല. ആ ബാധ്യത ഫെഫ്ക ചെയ്യട്ടെ. ആ ബാധ്യത അമ്മ ഏറ്റെടുക്കട്ടെ. നമ്മുടെ രാജ്യം ഡിമോണിറ്റൈസേഷനിലൂടെ മുന്നോട്ടു പോകുമ്പോൾ എല്ലാ പൗരന്മാരും ഇൻകം ടാക്സ് വെട്ടിപ്പ് നടത്താതെ അടക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാൻ. അതിന് സിനിമയെന്ന് വ്യത്യാസമില്ല, ബിസിനസെന്ന് വ്യത്യാസമില്ല.”- അവർ പറഞ്ഞു.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർ മറ്റു വിഷയങ്ങളിൽ പ്രതികരിക്കാതെ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നത് എന്തിനാണെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. “മൂന്നു വയസും അഞ്ചു വയസുമുള്ള പെൺകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് അവർക്ക് പ്രശ്നമല്ല. നിരവധി പെൺവാണിഭങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. അത് ചില സിനിമാക്കർക്ക് പ്രശ്നമില്ല. ഇവിടെ എല്ലാ തരത്തിലുമുള്ള അരാജകത്വ പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോഴും പ്രതികരിക്കാത്ത ചിലർ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ കലാപമുണ്ടാക്കാൻ സാധിക്കുമോ എന്ന് ശ്രമിക്കുന്നുണ്ട്.”- അവർ പറഞ്ഞു.

സംവിധായകൻ കമലിനെ കമാലുദ്ദീൻ എന്ന് ശോഭാ സുരേന്ദ്രൻ അഭിസംബോധന ചെയ്യുകയും ചെയ്തു. കമാലുദ്ദീനെപ്പോലെയുള്ളവരാണ് പ്രതിഷേധിച്ച സിനിമക്കാർക്ക് പിന്തുണ നൽകിയതെന്ന് അവർ ആരോപിച്ചു. പൗരത്വ നിയമത്തെപ്പറ്റി ഒരു സംവാദം നടത്താൻ സിനിമാക്കാർ തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സംവാദം നടത്തിയാൽ പോവാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.

Story Highlights: Shobha Surendran, Sandeep G Warrier, CAA, NRC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top