വലയ സൂര്യഗ്രഹണം ഇന്ന്; നഗ്ന നേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കരുത്

ശാസ്ത്രലോകം കാത്തിരിക്കുന്ന നൂറ്റാണ്ടിലെ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണം ഇന്ന്. ഗ്രഹണം രാവിലെ എട്ട് മണി മുതൽ 11 മണി വരെയുള്ള സമയമായിരിക്കും. ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോൾ ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഭൗമചന്ദ്രപഥങ്ങൾ തമ്മിലുള്ള ചെറിയ ചെരിവ് കാരണം ഗ്രഹണങ്ങൾ അപൂർവമായി മാത്രമാണ് സംഭവിക്കുന്നത്.

Read Also: വലയ സൂര്യഗ്രഹണം നിരീക്ഷിക്കാനുള്ള അവസരമുപയോഗിക്കണം; മുഖ്യമന്ത്രി

കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ മുഴുവനായും കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ചിലയിടങ്ങളിലും വലയ സൂര്യഗ്രഹണവും മറ്റ് ജില്ലകളിൽ ഭാഗിക സൂര്യഗ്രഹണവുമാണ് കാണാനാവുക. പ്രപഞ്ചത്തിലെ അപൂർവ സുന്ദരകാഴ്ചകളിലൊന്നായ സൂര്യഗ്രഹണം സുരക്ഷിതമായി വീക്ഷിക്കാൻ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, കോട്ടയം ദേവമാതാ കോളജ്, ചാലക്കുടി പനംമ്പള്ളി മെമ്മോറിയൽ കോളജ്, നാദാപുരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവടങ്ങളിലാണ് പ്രധാനമായും ഗ്രഹണ നിരീക്ഷണ ഉപകരണങ്ങൾ പ്ലാനറ്റേറിയം സജ്ജമാക്കുന്നത്. സുരക്ഷിതമായി വീക്ഷിക്കാൻ ആവശ്യമായ ടെലിസ്‌കോപ്പ് സോളാർ ഫിൽട്ടറുകൾ, സോളാർ കണ്ണടകൾ, പിൻഹോൾ ക്യാമറ, വെൽഡിംഗ് കണ്ണടകൾ എന്നിവ ഒരുക്കും.

നഗ്‌നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം നിരീക്ഷിക്കരുതെന്ന മുന്നറിയിപ്പ് ശാസ്ത്രജ്ഞർ നൽകുന്നുണ്ട്. കേരളത്തിൽ മുമ്പ് വലയഗ്രഹണം ദൃശ്യമായത് 2010 ജനുവരി 15-ന് തിരുവനന്തപുരത്താണ്. 2031 മെയ് 21 നാണ് കേരളത്തിൽ ദൃശ്യമാകുന്ന ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയ ഗ്രഹണം. ബ്രേക്ക് സയൻസ് സൊസൈറ്റി, വിവിധ കോളേജുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് ശാസ്ത്ര പ്രചാരകർ എന്നിവരുമായി സഹകരിച്ചാണ് പ്ലാനറ്റേറിയം ഗ്രഹണ നിരീക്ഷണ സംവിധാനം കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്നത്.

 

 

 

solar eclipseനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More