Advertisement

കോതമംഗലം ക്രിസ്ത്യന്‍ പള്ളിയിൽ നിന്ന് ബാങ്കു വിളിയും പള്ളി അങ്കണത്തിൽ നിസ്കാരവും; മതനിരപേക്ഷതയുടെ സന്ദേശമുയർത്തി സിഎഎ-എൻആർസി വിരുദ്ധ മാർച്ച്: വീഡിയോ

December 28, 2019
1 minute Read

മതനിരപേക്ഷതയുടെ വ്യത്യസ്ത സന്ദേശമുയർത്തി കോതമംഗലം മാർത്തോമ ചെറിയ പളളിയിൽ ബാങ്ക് വിളിയും നിസ്കാരവും. പ്രൊഫഷണൽ കോൺഗ്രസ്സിന്റെ കീഴിൽ നടന്ന സിഎഎ-എൻആർസി വിരുദ്ധ മാർച്ച് കോതമംഗലത്ത് എത്തിയപ്പോഴാണ് പള്ളി അങ്കണത്തിൽ നിന്ന് മഗ്രിബ് നമസ്കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങിയത്. തുടർന്ന് പള്ളി അങ്കണത്തിൽ തന്നെ നിസ്കരിക്കാനുള്ള സൗകര്യവും നൽകി.

മൂവാറ്റുപുഴയിൽ നിന്നാണ് സിഎഎ-എൻആർസി വിരുദ്ധ മാർച്ച് തുടങ്ങിയത്. ത്യു കുഴൽനാടൻ, വി ടി ബൽറാം, പി കെ ഫിറോസ്, എംബി രാജേഷ്, ഇന്ദിര ജയ്സിംഗ് തുടങ്ങിയ യുവജന നേതാക്കൾ മാർച്ചിൽ പങ്കെടുത്തു. 10 കിലോമീറ്റർ പിന്നിട്ട് കോതമംഗലത്ത് എത്തിയപ്പോഴായിരുന്നു മാർത്തോമ ചെറിയ പളളിയിൽ നിന്ന് ബാങ്കുയർന്നത്. അവിടുത്തെ വികാരിയാണ് അംഗശുദ്ധി വരുത്താൻ വെള്ളം കൈകളിലേക്കൊഴിച്ചു തന്നതെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസും ഇക്കാര്യം വിശദീകരിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റ്:

ശ്രീ മാത്യു കുഴൽ നാടൻ നേതൃത്വം നൽകുന്ന പ്രൊഫഷണൽ കോൺഗ്രസ്സിന്റെ കീഴിൽ നടന്ന വിപുലമായ സിഎഎ/എൻആർസി വിരുദ്ധ മാർച്ചിൽ പങ്കെടുത്തു. മാത്യു കുഴൽനാടൻ, വി ടി ബൽറാം, പി കെ ഫിറോസ്, എംബി രാജേഷ്, ഇന്ദിര ജയ്സിംഗ് തുടങ്ങിയ യുവജന നേതാക്കൾ പങ്കെടുത്തു. മൂവാറ്റുപുഴയിൽ നിന്നും തുടങ്ങി പത്ത് കിലോമീറ്റർ പിന്നിട്ട് കോതമംഗലത്തെത്തി. അവിടെ എത്തിയപ്പോൾ മണിനാദവും ബാങ്ക് വിളിയും ഒരുമിച്ചാണെതിരേറ്റത്. കോതമംഗലം മാർത്തോമ ചെറിയ പളളിയിലായിരുന്നു നമസ്ക്കാര സൗകര്യമൊരുക്കിയിരുന്നത്. അവിടുത്തെ ഫാദറാണ് അംഗശുദ്ധി വരുത്താൻ വെള്ളം കൈകളിലേക്കൊഴിച്ചു തന്നത്. നമസ്കാരം കഴിഞ്ഞ് പിരിയുമ്പോൾ നിർവൃതിയോടെ നിൽക്കുന്ന വികാരിയച്ഛൻ, മറ്റിതര വിശ്വാസികൾ, പ്രക്ഷോഭ ചൂടിലും മനസ്സിന് കുളിർമ്മ നൽകുന്ന അവരുടെ ആതിഥേയത്വം. എല്ലാം തന്നെ വല്ലാത്തൊരു സന്തോഷം മനസ്സിന് പകർന്നു നൽകി.
ഇതാണ് കേരളം. ഭാരതത്തിന്റെ പരിച്ഛേദം.

#നമ്മൾ അതിജയിക്കും

പികെ ഫിറോസിൻ്റെ പോസ്റ്റ്:

ഇന്ന് മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് നടത്തിയ സെക്കുലർ മാർച്ച് യഥാർത്ഥത്തിൽ ഇന്ത്യയെന്താണെന്ന് വിളിച്ചു പറയുന്നതായിരുന്നു. കോതമംഗലത്ത് മാർത്തോമാ ചെറിയ പള്ളിയുടെ സമീപത്ത് ജാഥ സമാപിക്കുമ്പോൾ ചർച്ചിന്റെ മുകളിൽ സ്ഥാപിച്ച ഉച്ചഭാഷിണിയിൽ നിന്നും ഞങ്ങൾ കേൾക്കുന്നത് മനോഹര ശബ്ദത്തിലുള്ള ബാങ്ക് വിളി. പിന്നെ കാണുന്നത് ക്രൈസ്തവ ദേവാലയത്തിലെ ളോഹയണിഞ്ഞ പാതിരിമാർ മുസ്‌ലിം സഹോദരങ്ങളെ നമസ്കരിക്കാൻ പള്ളിയങ്കണത്തിലേക്ക് ക്ഷണിക്കുന്നതാണ്. അവർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് വുളു(അംഗശുദ്ധി) ചെയ്യാൻ വെള്ളമൊഴിച്ചു കൊടുക്കുന്നു. തങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ മഗ്രിബ് നമസ്കാരം നിർവ്വഹിക്കുമ്പോൾ ജാഥയിൽ അണിനിരന്ന മറ്റു മതവിശ്വാസികൾ ഞങ്ങളെ കാത്തിരിക്കുന്നു.

ഇതാണ് ഇന്ത്യ. ഈ രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് നമ്മളിങ്ങനെയാണ് മറുപടി നൽകുക. ആരെയെങ്കിലും പുറന്തള്ളാൻ ശ്രമിക്കുമ്പോൾ നമ്മളിങ്ങനെ ചേർത്ത് പിടിച്ചാണ് പ്രതിരോധം തീർക്കുക.
പോരാട്ടം തുടരട്ടെ…
രാജ്യദ്രോഹികൾ തുലയട്ടെ…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top