ചരിത്ര കോൺഗ്രസ് വേദിയിലെ പ്രതിഷേധം; കണ്ണൂർ സർവകലാശാല വിസിയെ ഗവർണർ വിളിപ്പിച്ചു

ദേശീയ ചരിത്ര കോൺഗ്രസ് ഉദ്ഘാടന വേദിയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിപ്പിച്ചു. ചടങ്ങിന്റെ മുഴുവൻ വീഡിയോ ദൃശ്യങ്ങളുമായി കണ്ണൂർ ഗസ്റ്റ് ഹൗസിലെത്താൻ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് ഗവർണർ നിർദേശം നൽകി.
കണ്ണൂർ സർവകലാശാല ആതിഥ്യം വഹിക്കുന്ന ദേശീയ ചരിത്ര കോൺഗ്രസിന്റെ എൺപതാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്. ഗവർണറുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ആയിരുന്നു പ്രതിഷേധം. ചരിത്ര കോൺഗ്രസ് പ്രതിനിധികൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു.
പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ വേദിയിൽ ഗവർണർ ക്ഷുഭിതനായി. പ്രതിഷേധം കൊണ്ട് തന്നെ നിശബ്ദനാക്കാൻ ആകില്ലെന്നും ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും അനുകൂലിക്കില്ലെന്നും ഗവർണർ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതിന് പിന്നാലെ ഗവർണർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദേശീയ ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിൽ നിന്ന് ഗവർണറെ മാറ്റി നിർത്തണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
story highlights- arif muhammad khan, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here