ലക്ഷ്മി അമ്മാൾ ഇനി കൊച്ചനിയന് സ്വന്തം; അപൂർവ വിവാഹത്തിന് വേദിയായി തൃശൂർ വൃദ്ധസദനം

സംസ്ഥാനസർക്കാരിന്റെ വൃദ്ധസദനത്തിൽ നടക്കുന്ന ആദ്യവിവാഹത്തിന് തൃശൂർ വൃദ്ധസദനം വേദിയായി. വാർധക്യത്തിന്റെ അവശതകൾക്കപ്പുറം 67കാരൻ കൊച്ചനിയനും 66കാരി ലക്ഷ്മി അമ്മാളുമാണ് പ്രണയ സാഫല്യം നേടിയത്.
ഒരു കാലത്ത് കൊച്ചനിയൻ മേനോൻ അമ്മാളിന്റെ ഭർത്താവ് കൃഷ്ണയ്യരുടെ സഹായിയായിരുന്നു. കൃഷ്ണയ്യരുടെ മരണശേഷം അമ്മാളിന്റെ ഏക ആശ്രയവും കൊച്ചനിയനായി. പിന്നീട് ശാരീരിക അവശതകളുള്ള അമ്മാളിനെ രാമവർമപുരത്തെ വൃദ്ധസദനത്തിൽ സുരക്ഷിതയാക്കി എത്തിച്ച ശേഷം കൊച്ചനിയൻ വഴിപിരിഞ്ഞു. പിന്നീട് അസുഖബാധിതനായി മറ്റൊരു ആശ്രയകേന്ദ്രത്തിൽ കൊച്ചനിയനും തളക്കപ്പെട്ടു. അവിചാരിതമായാണ് കൊച്ചനിയനെ രാമവർമപുരത്ത് അധികൃതർ എത്തിക്കുന്നത്. നേരിൽ കണ്ടതോടെ അമ്മാളും കൊച്ചനിയനും പരസ്പരം തിരിച്ചറിഞ്ഞു. ഒടുവിൽ ആ ബന്ധം വിവാഹത്തിലുമെത്തി.
സർക്കാർ മുൻകയ്യെടുത്താണ് വിവാഹം നടത്തിയത്. ദമ്പതികൾക്കായി വൃദ്ധസദനത്തിൽ പ്രത്യേകമുറിയും ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾ അന്തേവാസികളുടെയും മംഗളങ്ങൾ നേരാനെത്തിയവരുടെയും സാന്നിധ്യത്തിലായിരുന്നു. നഷ്ടപ്പെട്ട സ്‌നേഹവും സൗഹൃദവും തിരിച്ചുകിട്ടിയ സന്തോഷത്തിൽ ഇനിയുള്ള കാലം പരസ്പരം താങ്ങായും തണലായും ഇരുവരും ജീവിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here