Advertisement

പൗരത്വ നിയമ ഭേദഗതി; സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി നേതാക്കള്‍

December 29, 2019
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി നേതാക്കള്‍. എം എസ് കുമാര്‍, ജെ ആര്‍ പദ്മകുമാര്‍ എന്നിവരായിരുന്നു ബിജെപിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

ഇങ്ങനെയൊരു യോഗം വിളിച്ചുചേര്‍ക്കാന്‍ കേരള സര്‍ക്കാരിന് അധികാരമില്ലെന്ന് എം എസ് കുമാര്‍ പറഞ്ഞു. ഇപ്പോള്‍ ചെയ്തിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. യോഗം ബഹിഷ്‌കരിച്ച ശേഷം പുറത്തെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റിന്റെ ഇരു സഭകളും അംഗീകരിച്ച് രാഷ്ട്രപതി ഒപ്പിട്ട് നിയമമായി മാറിയ ഒരു ഭരണഘടനാ ഭേദഗതിക്കെതിരെ ജനങ്ങളെ അണിനിരത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നതുപോലെ കേരള സര്‍ക്കാര്‍ ഇത്തരമൊരു യോഗം വിളിച്ചുചേര്‍ക്കാന്‍ പാടില്ലായിരുന്നു. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഇത്തരമൊരു യോഗത്തിന് പകരം കേരള ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചതിനെതിരെയും കര്‍ണാടക മുഖ്യമന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചതിനെതിരെയും പ്രമേയങ്ങള്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. ഇതോടെ യോഗം ബഹിഷ്‌കരിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

യുഡിഎഫിലെ ഘടക കക്ഷികളും ബിജെപിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സിപിഐഎമ്മിനൊപ്പം കൈകോര്‍ക്കുന്നതില്‍ എതിര്‍പ്പുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പൗരത്വ നിയമ ഭേദഗതിയില്‍ സംയുക്തപ്രക്ഷോഭത്തിന്റെ തുടര്‍സാധ്യതകള്‍ തേടിയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. പൗരത്വനിയമ ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് സര്‍വകക്ഷിയോഗം. യോജിച്ച പ്രക്ഷോഭത്തിനുള്ള സാധ്യത തേടുന്നതിനൊപ്പം, നിയമം നടപ്പിലാക്കാതിരിക്കുന്നതിനുള്ള നിയമവശങ്ങളും ചര്‍ച്ചയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here