Advertisement

കുംബ്ലെക്ക് നന്ദി; കിംഗ്സ് ഇലവൻ ശക്തം

December 29, 2019
Google News 1 minute Read

ഇത്തവണ ഐപിഎൽ ലേലത്തിൽ ബുദ്ധിപരമായി പങ്കെടുത്ത ടീമുകളിലൊന്നായിരുന്നു കിംഗ്സ് ഇലവൻ പഞ്ചാബ്. മുൻ ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെയുടെ തലച്ചോർ കിംഗ്സ് ഇലവൻ പഞ്ചാബ് നന്നായി ഉപയോഗിച്ചിട്ടുണ്ട്. ചില മികച്ച കളിക്കാരെ ടീമിലെത്തിച്ച അവർ കഴിഞ്ഞ വർഷത്തെ മോശം പ്രകടനം കഴുകിക്കളയാനുള്ള തയ്യാറെടുപ്പിലാണ്. ഗ്ലെൻ മാക്സ്‌വൽ, ഷെൽഡൻ കോട്രൽ, ക്രിസ് ജോർഡൻ, ജിമ്മി നീഷം തുടങ്ങി ഒട്ടേറെ മികച്ച കളിക്കാരെ പഞ്ചാബ് തട്ടകത്തിൽ എത്തിച്ചു.

ഗ്ലെൻ മാക്സ്‌വലിൻ്റെ വരവ് ടീമിനു നൽകുന്ന ഊർജം വളരെ വലുതാണ്. ഒറ്റക്ക് കളി ജയിപ്പിക്കാൻ ശേഷിയുള്ള മാക്സ്‌വൽ ടീമിനു വലിയ മുതൽക്കൂട്ടാവുമെന്നതിൽ തർക്കമില്ല. മാനസിക സമ്മർദ്ദം മൂലം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തിരുന്ന മാക്സ്‌വൽ ക്രിക്കറ്റ് ഫീൽഡിലേക്ക് തിരിച്ചു വന്നതിനു ശേഷം പ്രകടനങ്ങൾ കിംഗ്സ് ഇലവൻ്റെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. ബിബിഎല്ലിൽ മാക്സ്‌വൽ കളിക്കുന്ന രീതി ഐപിഎല്ലിലേക്ക് കൂടി തുടർന്നാൽ കിംഗ്സ് ഇലവൻ കുതിക്കും.

മറ്റൊരു എക്സൈറ്റിങ് ബൈ ആണ് വിൻഡീസ് പേസർ ഷെൽഡൻ കോട്രൽ. 8.5 കോടി രൂപയ്ക്ക് കോട്രൽ ടീമിലെത്തുമ്പോൾ ടീമിനു നൽകുന്ന ബാലൻസ് വളരെ വലുതാണ്. ഇന്ത്യൻ പര്യടനത്തിൽ കോട്രലിൻ്റെ ബൗളിംഗ് മികവ് കണ്ടതു കൊണ്ട് തന്നെ ഐപിഎല്ലിൽ അദ്ദേഹം തിളങ്ങുമെന്ന് തന്നെ കരുതാം. ജിമ്മി നീഷം ബാറ്റ് കൊണ്ടും പന്തു കൊണ്ടും ഒരുപോലെ തിളങ്ങാൻ കഴിയുന്ന താരമാണ്. വെറും 50 ലക്ഷം രൂപക്കാണ് നീഷം ടീമിലെത്തിയതെന്നു കൂടി പരിഗണിക്കുമ്പോൾ കിംഗ്സ് ഇലവൻ അവിടെ നടത്തിയത് വലിയ ഒരു നിക്ഷേപമാണ്. ക്രിസ് ജോർഡാൻ ആവട്ടെ ടി-20 മത്സരപരിചയം ഏറെയുള്ള താരമാണ്. ഡെത്ത് ഓവറുകൾ എറിയാൻ കഴിവുള്ള ക്രിസ് ജോർഡാനും ഷെൽഡൻ കോട്രലും കൂടി ചേരുന്ന ബൗളിംഗ് യൂണിറ്റിൻ്റെ കയ്യിൽ ഒരു വെടിക്കുള്ള മരുന്നുണ്ട്.

ഇവർക്കൊപ്പം ബംഗാൾ പേസർ ഇഷാൻ പോറൽ, രാജസ്ഥാൻ ലെഗ് സ്പിന്നർ രവി ബിഷ്ണോയ് തുടങ്ങി മികച്ച യുവതാരങ്ങളും ടീമിലുണ്ട്. ദീപക് ഹൂഡയും ടീമിലെത്തിയിട്ടുണ്ടെങ്കിലും കളിക്കാനിറങ്ങാൻ സാധ്യതയില്ല. ഒരു ബാക്കപ്പ് ഓപ്ഷനായി ഹൂഡ ബെഞ്ച് വാമിങ് നടത്താനാണ് സാധ്യത. അതേ സമയം, ക്രിസ് ഗെയിൽ, മുജീബ് റഹ്മാൻ, നിക്കോളാസ് പുരാൻ എന്നിവർ ഫൈനൽ ഇലവനിൽ തീർച്ചയാണ്. പിന്നെ ഒരു വിദേശിക്ക് കൂടിയേ കളിക്കാൻ സാധിക്കൂ. ഗ്ലെൻ മാക്സ്‌വൽ/ഷെൽഡൻ കോട്രൽ/ജിമ്മി നീഷം/ക്രിസ് ജോർഡാൻ എന്നീ നാല് വിദേശി ഓപ്ഷനിൽ നിന്ന് ആരെ ഉൾക്കൊള്ളിക്കുമെന്നത് ഒരു വലിയ ചോദ്യമാവും. നറുക്ക് വീഴുക ഗ്ലെൻ മാക്സ്‌വലിനു തന്നെയാവും. ക്രിസ് ഗെയിലിനെ മാറ്റി നിർത്തി ടീം ഇലവൻ ചിന്തിക്കുകയാണ് മറ്റൊരു ഓപ്ഷൻ. അങ്ങനെയെങ്കിൽ ഹാർഡസ് വിൽജോണിനെ ഒഴിവാക്കി മാക്സ്‌വലിനൊപ്പം ഷെൽഡൻ കോട്രലും ക്രിസ് ജോർഡാനും ടീമിലെത്തിയേക്കാം. മറ്റു കളിക്കാർക്ക് ഫൈനൽ ഇലവൻ കളിക്കാരുടെ ഫോമും പരിക്കും പരിഗണിച്ച് മാത്രമേ അവസരം ലഭിക്കാൻ സാധ്യതയുള്ളൂ.

എന്തായാലും ഇക്കൊല്ലത്തെ കിംഗ്സ് ഇലവൻ ശക്തരായ ടീമിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഒപ്പം അനിൽ കുംബ്ലെ എന്ന പണി അറിയാവുന്ന പണിക്കാരനും. കാത്തിരുന്ന് കാണാം.

Story Highlights: Kings XI Punjab, IPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here