ആംബുലൻസ് എത്തിക്കാൻ സൗകര്യമില്ല; കോതമംഗലത്ത് ആശുപത്രിയിലെത്തിക്കാനായി നാട്ടുകാർ മൃതദേഹം ചുമന്നത് മൂന്നു കിലോമീറ്റർ

കോതമംഗലത്ത് ആശുപത്രിയിലേക്ക് മാറ്റാനായി നാട്ടുകാർ മൃതദേഹം ചുമന്ന് നടന്നത് 3 കിലോമീറ്റർ ദൂരം. കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയിലാണ് സംഭവം. റോഡ് സൗകര്യമില്ലാത്തതിനാൽ പ്രദേശത്തേക്ക് ആംബുലൻസ് എത്തിക്കാനാവില്ല.
കുട്ടമ്പുഴ കുഞ്ചിപ്പാറ കോളനിയിലെ സോമനെ കഴിഞ്ഞദിവസമാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോതമംഗലം ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു. എന്നാൽ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസുകളൊന്നും കോളനിയിലേക്ക് എത്തില്ല. ജീപ്പുകൾക്ക് ഇതുവഴി പോകാനാവുമെങ്കിലും മൃതദ്ദേഹം കൊണ്ടുപോകാൻ വണ്ടി ലഭിച്ചില്ല. പോലീസ് വാഹനം എത്തിയതുമില്ല. ഇതേ തുടർന്നാണ് അയൽവാസികൾ ചേർന്ന് മൃതദേഹം പായയിൽ കെട്ടി മൂന്നുകിലോമീറ്ററോളം നടന്ന് കല്ലേരിമേട്ടിലെത്തിച്ചത്.
കല്ലേരിമേട്ടിൽ നിന്ന് ബ്ലാവന കടത്ത് വരെ ജീപ്പ് കിട്ടി. കടത്ത് കടന്ന ശേഷമാണ് ആംബുലൻസ് സേവനം ലഭിച്ചത്. കുട്ടമ്പുഴ പഞ്ചായത്തിലെ ഈ കോളനിയിലേക്ക് പാലവും റോഡും നിർമിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ കാലങ്ങളായി ഈ ആവശ്യം കടലാസിൽ തന്നെ ഉറങ്ങുകയാണ്.
Story Highlights: Deadbody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here