Advertisement

ധോണിയുടെ കണ്ണീരും വാട്സണിന്റെ ചോര പുരണ്ട കാൽമുട്ടും; 2019ലെ മറക്കാനാവാത്ത അഞ്ച് ക്രിക്കറ്റ് കാഴ്ചകൾ

December 29, 2019
4 minutes Read

2019 വിടപറയാനൊരുങ്ങുകയാണ്. രണ്ട് ദിവസങ്ങൾ കൂടി പിന്നിടുമ്പോൾ ഒരു കലണ്ടർ കൂടി ചവറ്റുകൊട്ടയിലാവും. മറക്കാനാവാത്ത ചില ക്രിക്കറ്റ് കാഴ്ചകളാണ് ഈ വർഷം ഫീൽഡിൽ സംഭവിച്ചത്. ധോണിയും സ്റ്റോക്സും ഗപ്റ്റിലും വാട്സണുമൊക്കെച്ചേർന്ന് ക്രിക്കറ്റ് കാഴ്ചകളിലേക്ക് സമ്മാനിച്ച ചില ഐക്കോണിക് ദൃശ്യങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുകയാണ്.

1. ധോണിയുടെ കണ്ണുനീർ

ക്യാപ്റ്റൻ കൂൾ എന്ന വിശേഷണമുള്ള കളിക്കാരനാണ് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി. വികാരങ്ങൾ നിയന്ത്രിച്ച് സംയമനത്തോടെ ഫീൽഡിൽ പെരുമാറുന്ന താരം. ധോണി വൈകാരികമായി പ്രതികരിക്കുന്നത് വല്ലപ്പോഴും മാത്രമാണ് കാണികൾ കണ്ടിട്ടുള്ളത്. അത്തരത്തിലൊരു വൈകാരിക നിമിഷം ഇക്കൊല്ലവും കണ്ടു.’

ധോണിയുടെ വൈകാരിക നിമിഷമെന്നതിനപ്പുറം, ഒരു രാജ്യത്തിൻ്റെ മുഴുവൻ പ്രതീക്ഷകളും തട്ടിത്തകർത്ത ഒരു സംഭവമായിരുന്നു അത്. ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ പെട്ട ഒരു ടീമായിരുന്നു ഇന്ത്യ. അതിനു കരുത്തു പകർന്ന് ഇന്ത്യ സെമിഫൈനലിലെത്തി. ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിൽ പക്ഷേ, കാര്യങ്ങൾ കൈവിട്ടു പോയി. 240 എന്ന കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ടോപ്പ് ഓർഡർ ചീട്ടുകൊട്ടാരം പോലെ തകർന്നു. ഋഷഭ് പന്തും ഹർദ്ദിക് പാണ്ഡ്യയും ചെറിയ ചില സംഭാവനകൾ നൽകിയെങ്കിലും അവസാനം ഇന്ത്യയെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം ധോണി-ജഡേജ ദ്വയത്തിൽ നിക്ഷിപ്തമായി. ഇരുവരും ഏറെക്കുറെ അപ്രാപ്യമായ ആ ലക്ഷ്യത്തിലേക്ക് ഇന്ത്യയെ അടുപ്പിച്ചു കൊണ്ടിരിക്കെ അതു സംഭവിച്ചു. 49ആം ഓവറിൽ കൃത്യം 50 റൺസെടുത്ത ധോണിയെ മാർട്ടിൻ ഗപ്ടിൽ റണ്ണൗട്ടാക്കി. ജഡേജ 77 റൺസെടുത്ത് പൊരുതിയെങ്കിലും വിജയലക്ഷ്യത്തിനു 18 റൺസകലെ വെച്ച് ഇന്ത്യ വീണു.

റണ്ണൗട്ടായി ഡ്രസിംഗ് റൂമിലേക്ക് തിരികെ നടക്കുമ്പോൾ ധോണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരുപക്ഷേ, താൻ കളിക്കുന്ന അവസാന ലോകകപ്പിൽ തൻ്റെ ടീമിനെ വിജയിപ്പിക്കാനായില്ലല്ലോ എന്ന കുറ്റബോധത്താൽ ക്യാപ്റ്റൻ കൂൾ കരഞ്ഞു. അതിനു മുൻപ് ധോണിയുടെ കണ്ണുനീർ കണ്ടതും മറ്റൊരു ലോകകപ്പിലായിരുന്നു. ഇതിനു തൊട്ടുമുൻപ് നടന്ന 2015 ലോകകപ്പിൽ. അന്നും സെമിയിലാണ് പുറത്തായത്. അന്നും ധോണി കരഞ്ഞു.

2. ലോകകപ്പ് ഫൈനൽ

ഡ്രാമ, ഡ്രാമ, ഡ്രാമ. ഇക്കൊല്ലത്തെ ലോകകപ്പ് ഫൈനൽ അങ്ങനെയായിരുന്നു. സമനിലയും സൂപ്പർ ഓവറും കണ്ട മത്സരത്തിൽ ഏറ്റവുമധികം ബൗണ്ടറികളടിച്ച ടീം വിജയശ്രീലാളിതരായി കപ്പുയർത്തി. വിവാദങ്ങൾ പുറകെ.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് എടുത്തത് 241 റൺസ്. ചേസിംഗിൽ ഇംഗ്ലണ്ടിനു പിഴച്ചു. ടോപ്പ് ഓർഡർ വേഗം കീഴടങ്ങി. അഞ്ചാം വിക്കറ്റിൽ ബട്‌ലറും സ്റ്റോക്സും ചേർന്നുള്ള രക്ഷാപ്രവർത്തനം. 50 അടിച്ച് ബട്‌ലർ പുറത്ത്. കളി വീണ്ടും ന്യൂസിലൻഡിൻ്റെ വരുതിയിൽ. അവിടെ നിന്നാണ് ഡ്രാമ തുടങ്ങുന്നത്. ഒരുവശത്ത് വിക്കറ്റുകൾ കടപുഴകുമ്പോൾ മറുവശത്ത് ഒരു ടീമിനെ തോളിലേറ്റി സ്റ്റോക്സിൻ്റെ ഒറ്റയാൾ പ്രകടനം. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 15 റൺസ്. രണ്ട് ഡോട്ട് ബോളുകൾ. മൂന്നാം ബോളിൽ സിക്സ്. നാലാം പന്തിൽ ഡബിളോടിയ സ്റ്റോക്സിൻ്റെ ബാറ്റിൽ ഗപ്റ്റിൽ ബൗണ്ടറി ലൈനിൽ വെച്ച് ഫീൽഡ് ചെയ്ത് എറിഞ്ഞ പന്ത് തട്ടി ബൗണ്ടറിയിലേക്ക്. ഓവർ ത്രോ ആയി അമ്പയർ ആറു റൺസ് അനുവദിക്കുന്നു. അടുത്ത രണ്ട് പന്തുകളിൽ വേണ്ടത് മൂന്നു റൺസ്. രണ്ട് പന്തുകളിൽ രണ്ട് സിംഗിളും രണ്ട് റണ്ണൗട്ടും. കളി സമനില. 84 റൺസെടുത്ത സ്റ്റോക്സ് പുറത്താവതെ നിന്നു. രണ്ട് ടീമുകളും എടുത്തത് 15 റൺസ് വീതം. വീണ്ടും സമനില. ഐസിസി നിയമപ്രകാരം മത്സരത്തിൽ കൂടുതൽ ബൗണ്ടറിയടിച്ച ഇംഗ്ലണ്ട് ടീം ലോകചാമ്പ്യന്മാർ.

അമ്പയർ കുമാർ ധർമസേന നൽകിയ ആറു റൺസ് ഓവർ ത്രോ മത്സരഫലത്തെ ബാധിച്ചു. അതിൽ നൽകേണ്ടിയിരുന്നത് അഞ്ച് റൺസ് ഓവർ ത്രോ ആയിരുന്നുവെന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾ പറഞ്ഞു. എങ്കിൽ ജയം ന്യൂസിലൻഡിന് ആയിരുന്നേനെ.

3. വാട്സണിൻ്റെ ചോരപുരണ്ട കാൽമുട്ട്

ഇക്കൊല്ലത്തെ ഐപിഎൽ ഫൈനലും ലോകകപ്പ് ഫൈനൽ പോലെ വളരെ ത്രില്ലിംഗായ ഒരു മാച്ചായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ചെന്നൈക്കു മുന്നിൽ വെച്ചുനീട്ടിയത് 150 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിംഗിൽ ചെന്നൈ ചീട്ടുകൊട്ടാരം പോലെ തകർന്നു. 26 റൺസെടുത്ത ഡുപ്ലെസിസ് ഒഴികെ മറ്റാരും ഒരു വശത്ത് അടിച്ചു തകർക്കുന്ന ഷെയിൻ വാട്സണ് പിന്തുണ നൽകിയില്ല. ആറാമതായി ഇരങ്ങിയ ഡ്വെയിൻ ബ്രാവോ 15 റൺസെടുത്തെങ്കിലും അതിനും ആയുസുണ്ടായില്ല. അവസാന ഓവറിൽ ചെന്നൈക്കു വേണ്ടത് 9 റൺസ്. പന്തെറിയുന്നത്, മോശം ഫോമിലുള്ള മലിംഗ. ആദ്യത്തെ മൂന്നു പന്തുകളിൽ എടുത്തത് നാലു റൺസ്. നാലാം ബോളിൽ വാട്സൺ റണ്ണൗട്ട്. അടുത്ത രണ്ട് പന്തുകളിൽ നാല് റൺസ് വേണ്ട ചെന്നൈക്ക് രണ്ട് റൺസെടുക്കാനേ സാധിച്ചുള്ളൂ. മുംബൈക്ക് ഒരു റൺ ജയം. ക്രീസിൽ ഡൈവ് ചെയ്യുന്ന വാട്സണിൻ്റെ ഇടത്തേ കാൽമുട്ടിൽ ഒരു ചുവന്ന അടയാളം. പിന്നീടാണ് അതെന്താണെന്ന റിപോർട്ടുകളെത്തിയത്. മുൻപെപ്പോഴോ ക്രീസിൽ ഡൈവ് ചെയ്യുന്നതിനിടെ വാട്സണിൻ്റെ കാല് മുറിഞ്ഞിരുന്നു. ആ മുറിവും കൊണ്ടാണ് അദ്ദേഹം അതുവരെ ടീമിനെ എത്തിച്ചത്.

4. ആഷസിൽ സ്റ്റോക്സിൻ്റെ അത്ഭുത പ്രകടനം

ലോകകപ്പ് ഫൈനലിലെ അസാമാന്യ ബാറ്റിംഗ് പ്രകടനത്തിൻ്റെ ചൂടാറും മുൻപ് സ്റ്റോക്സ് വീണ്ടും ലോക ക്രിക്കറ്റ് മാപ്പിൽ തൻ്റെ ഇടം രേഖപ്പെടുത്തി. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലായിരുന്നു സ്റ്റോക്സ് വീണ്ടും ഇംഗ്ലണ്ടിൻ്റെ രക്ഷകനായത്. ഹെഡിങ്ലിയിൽ നടന്ന മത്സരത്തിൽ 179 റൺസെടുത്ത ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിനു മറുപടിയായി ഇംഗ്ലണ്ട് 67ന് ഓൾ ഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ 246 റൺസെടുത്ത ഓസീസ് മുന്നോട്ടു വെച്ചത് 362 റൺസ് വിജയലക്ഷ്യം. ഓപ്പണർമാർ വേഗം പുറത്തായപ്പോൾ ജോ ഡെൻലിയും ജോ റൂട്ടും അർധസെഞ്ചുറികൾ നേടി ഇംഗ്ലണ്ടിനെ താങ്ങി നിർത്തി. ഇരുവരും പുറത്തായപ്പോൾ സ്റ്റോക്സ് ക്രീസിലെത്തി. ജോനി ബാരിസ്റ്റോ 36 റൺസെടുത്ത് പുറത്തായതിനു പിന്നാലെ ഇംഗ്ലീഷ് വാലറ്റം വേഗത്തിൽ പുറത്തായി. സ്കോറിംഗ് ഉത്തരവാദിത്തം സ്റ്റോക്സ് ഏറ്റെടുത്തു. സെഞ്ചുറിയും കടന്ന് കുതിച്ച സ്റ്റോക്സ് പിന്നീട് കാഴ്ച വെച്ചത് അസാമാന്യമായ ഇന്നിംഗ്സായിരുന്നു. അവസാന വിക്കറ്റിൽ ജാക്ക് ലീച്ചിനെ കാഴ്ചക്കാരനാക്കി സ്റ്റോക്സ് അടിച്ചുതകർത്തു. 76 റൺസാണ് 10ആം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. അതിൽ ജാക്ക് ലീച്ചിൻ്റെ സ്കോർ വെറും ഒരു റൺ. മനസാന്നിധ്യത്തിൻ്റെ 330 മിനിട്ടുകൾ നീണ്ട ഇന്നിംഗ്സിനൊടുവിൽ ഇംഗ്ലണ്ടിന് ഒരു വിക്കറ്റിൻ്റെ അവിശ്വസനീയ ജയം സമ്മാനിക്കുമ്പോൾ സ്റ്റോക്സ് 135 നോട്ട് ഔട്ട്.

5. അഫ്ഗാനിസ്ഥാൻ്റെ ടെസ്റ്റ് ജയം

ഇനിയും അഫ്ഗാനിസ്ഥാനെ ക്രിക്കറ്റിലെ കുഞ്ഞന്മാരെന്നു വിശേഷിപ്പിക്കാനാവില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി സ്ഥിരതയാർന്ന, ഗംഭീരമായ പ്രകടനങ്ങൾ അവർ കാഴ്ച വെക്കുന്നുണ്ട്. അടുത്തിടെ ലഭിച്ച ടെസ്റ്റ് പദവിയും അഫ്ഗാനിസ്ഥാൻ ആഘോഷമാക്കി. ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ കൂറ്റൻ ജയം സ്വന്തമാക്കിയ അഫ്ഗാൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ എടുത്തത് 342 റൺസ്. ബംഗ്ലാദേശ് 205ന് ഓൾ ഔട്ട്. രണ്ടാം ഇന്നിംഗ്സിൽ അഫ്ഗാനിസ്ഥാൻ 260 റൺസിന് പുറത്തായപ്പോൾ ബംഗ്ലാദേശിൻ്റെ വിജയലക്ഷ്യം 398 റൺസ്. പക്ഷേ, ബംഗ്ലാദേശ് 173 റൺസിന് ഓൾ ഔട്ടായി. അഫ്ഗാനിസ്ഥാൻ ജയിച്ചത് 224 റൺസിന്. രണ്ട് ഇന്നിംഗ്സുകളിലായി 11 റൺസെടുത്ത റാഷിദ് ഖാനും ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയടിച്ച റഹ്‌മത് ഷായും മത്സരത്തിൽ അഫ്ഗാനിസ്ഥാൻ്റെ മാച്ച് വിന്നർമാരായി.

മാച്ച് ഹൈലൈറ്റ്സ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top